വാട്സാപ്പ് ഗ്രൂപ്പിലെ ചോര്‍ച്ച: യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കെ.എസ്.ശബരിനാഥന്റെ വാട്സാപ്പ് ചാറ്റ് ചോ‍ര്‍ന്നതിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ചാറ്റുകള്‍ ചോരുന്നത് ഇതാദ്യമല്ലെന്നും ഇക്കാര്യത്തിൽ ഷാഫി പറമ്പിൽ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ച് ഒരു കൂട്ടം ഭാരവാഹികൾ ദേശീയ പ്രസിഡന്റിന് കത്തയച്ചു. അതേസമയം, ചാറ്റുകൾ പുറത്തുവിട്ടവർ എന്ന് നേതൃത്വം സംശയിക്കുന്നവർ തന്നെയാണ് കത്തയച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കാൻ ആലോചിച്ചുക്കൊണ്ടുള്ള വാട്സാപ്പിലെ ചർച്ചകളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടത് സംസ്ഥാന ഉപാധ്യക്ഷന്മാരായ എൻ.എസ്.നസൂറും എസ്.എം.ബാലും ചേർന്നാണെന്നാണ് നേതൃത്വം സംശയിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ തന്നെയാണ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസിന് കത്തയച്ചിരിക്കുന്നത്. മുൻപും ചാറ്റുകൾ ചോർന്നിട്ടുണ്ടെന്നും അതിലൊന്നും സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ നടപടിയെടുത്തില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമാണ് കത്തിലെ ആവശ്യം. 

അതേസമയം, നുസൂറിനും ബാലുവിനുമെതിരെ നടപടിയുണ്ടാക്കുമെന്ന് ഉറപ്പായിരിക്കെ സ്വന്തം തടി രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്  കത്ത് എന്ന് നേതൃത്വവുമായി അടുത്തവൃത്തങ്ങൾ പറഞ്ഞു. ചാറ്റ് ചോർന്നതിൽ യൂത്ത് കോൺഗ്രസ് അന്വേഷണം തുടരുമ്പോൾ, കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിർദേശം. ചാറ്റ് ചോർച്ചയ്ക്ക് പിന്നിൽ ഗ്രൂപ്പ് പോരാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതിനിടെ, വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശങ്ങൾ അയയ്ക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിരുന്നു. നിലവിൽ ഷാഫി പറമ്പിലിനും ജനറൽ സെക്രട്ടറി ജോബിൻ ജോസഫിനും മാത്രമേ നിലവിൽ സന്ദേശങ്ങൾ അയയ്ക്കാനാവു.