മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം; 3 പ്രതികള്‍ക്കും ജാമ്യം

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നും രണ്ടും പ്രതികളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്ക് ജാമ്യവും, മൂന്നാം പ്രതി സുജിത് നാരായണന് മുൻകൂർ ജാമ്യവുമാണ് ലഭിച്ചത്. പ്രതികൾ വിമാനത്തിൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും, ആയുധം കൈവശം വച്ചിരുന്നില്ലെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ കോടതി പറഞ്ഞു.

വിശദമായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിക്കെതിരെ  വിമാനത്തിൽ പ്രതിഷേധിച്ച പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായ ഒന്നും രണ്ടും പ്രതികളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്ക് ജാമ്യം നൽകിയ കോടതി, ഒളിവിലുള്ള മൂന്നാം പ്രതി സുജിത് നാരായണന് മുൻകൂർ ജാമ്യവും അനുവദിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന സർക്കാർ വാദം തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. പ്രതികൾ ആയുധം കരുതിയിരുന്നില്ലെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയോടുള്ള വ്യക്തി വിരോധമല്ല പ്രതിഷേധത്തിന് കാരണം. 

എയർപോർട്ട് മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ വാക്കുതർക്കം എന്ന് മാത്രമാണുള്ളത്. പിന്നീട് നൽകിയ റിപ്പോർട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം പറയുന്നതെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളിലാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. സത്യം എന്താണെന്ന് കാലം തെളിയിക്കും എന്നായിരുന്നു ജാമ്യം ലഭിച്ചതിനു ശേഷമുള്ള പ്രതികളുടെ പ്രതികരണം. 

കഴിഞ്ഞ രണ്ടു ദിവസം വലിയതുറ പോലീസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കി  ജയിലിൽ എത്തിച്ചു. ജാമ്യ നടപടികൾ പൂർത്തിയാക്കി നാളെ ഇവർ പുറത്തിറങ്ങും.

മുഖ്യമന്ത്രിയ്ക്ക് എതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ മൂന്നു പേരെ കൂടാതെ ഒരാൾ കൂടി ഉണ്ടായിരുന്നതായി സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചു. യൂത്ത് കോൺഗ്രസിന്റെ  മുതിർന്ന നേതാവാണ് ഇയാൾ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയവരിൽ പ്രധാനിയാണ് ഈ നേതാവ്. പ്രതിഷേധം നടത്തിയവർക്ക് വിമാന ടിക്കറ്റ് എടുത്തത് നൽകിയത് ഡിസിസി ആണെന്നും ജയരാജൻ ആരോപിച്ചു.