തൃക്കാക്കരയില്‍ ഉമ തോമസിന് ചരിത്ര ജയം; യുഡിഎഫ് ജയഭേരി

ഉമ തോമസിനും യുഡിഎഫിനും ചരിത്രവിജയം സമ്മാനിച്ച്  തൃക്കാക്കര. ചരിത്രവിജയത്തോടൊപ്പം റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് ഉമ തോമസ് നിയമസഭയിലെത്തുക. കാൽ സെഞ്ച്വറി തികച്ചാണ് ഉമയുടെ തെരോട്ടം.  2011ല്‍ ബെന്നി ബഹനാന്റെ 22406 വോട്ടിന്റെ ലീഡ് മറികടന്നുള്ള മുന്നേറ്റം. 2021ല്‍ പി.ടിയുടെ ലീഡ് 14329 ആയിരുന്നു. തപാല്‍വോട്ടില്‍ മുതല്‍ കൊച്ചി കോര്‍പറേഷനും തൃക്കാക്കര നഗരസഭയിലും ആധിപത്യം പുലർത്തി. 239 ബൂത്തുകളില്‍ എല്‍ഡിഎഫിന് ആകെ  ലീഡ് നേടാനായത്  12 ബൂത്തില്‍ മാത്രമാണ്. സ്വന്തം ബൂത്തില്‍ ജോ ജോസഫിന് 54 വോട്ടിന്റെ ലീഡ് (466–412) മാത്രമാണ് നേടാനായത്.  

വികസനം ഉന്നയിച്ച് നടത്തിയ പ്രചണ്ഡമായ പ്രചാരണത്തിനൊടുവിൽ കടുത്ത മത്സരമെന്ന കണക്കുകൂട്ടലിലിരുന്ന സിപിഎം നേതാക്കൾക്ക് തിരഞ്ഞെടുപ്പ് ഫലം ഞെട്ടലായി. തോല്‍വി  ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നെങ്കിലും അനുഭാവി വോട്ടുകളടക്കം ചോര്‍ന്ന് തോല്‍വിഭാരം കടുത്തതോടെ പുനരാലോചന നടത്തേണ്ട സ്ഥിതിയിലായി സര്‍ക്കാരും സിപിഎമ്മും.