'പല തവണ പണം കടം വാങ്ങി'; നടിക്കെതിരെ വിജയ് ബാബു; വിശദാംശങ്ങൾ ഹൈക്കോടതിക്ക് കൈമാറി

പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ പരാതിക്കാരിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി നടൻ വിജയ് ബാബു ഹൈക്കോടതിയിൽ ഉപഹർജി നൽകി. ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമേ ഉണ്ടായിട്ടുള്ളു എന്നതാണ് ആരോപണം. നടി അയച്ച  വാട്ട്സാപ്പ് ചാറ്റുകളും ചിത്രങ്ങളുo വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി.  മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ അധിക വാദങ്ങളും തെളിവുകളും നൽകുന്നതിന്റെ ഭാഗമായാണ് ഉപഹർജി സമർപ്പിച്ചത്. 2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമേ പരാതിക്കാരിയുമായി ഉണ്ടായിട്ടുള്ളു. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ്  പരാതി.  പീഡനം നടന്നുവെന്ന് ആരോപിക്കുന്ന തീയതികൾക്കു ശേഷം തൻ്റെ  ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് തന്റെ ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദൃശ്യങ്ങളുണ്ട്. 

പരാതിയിൽ പറയുന്ന തീയതികൾക്കുശേഷവും നടി സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം പകർപ്പുകളാണ് കോടതിയിൽ നൽകിയത്. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. ഇതിന് ബാങ്ക് രേഖയുണ്ടെന്നും ഹർജിയിലുണ്ട്. തന്റെ പുതിയ സിനിമയിൽ അവസരം ലഭിക്കാതിരുന്നതിലുള്ള വൈരാഗ്യമാണ് പരാതിക്ക് അടിസ്ഥാനം എന്നാണ് വിജയ് ബാബുവിന്റെ വാദം. പുതിയ സിനിമയിലെ നായികയോട് പരാതിക്കാരി ദേഷ്യപ്പെട്ടു. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കാനാണ്  ഏപ്രിൽ 24 നു ദുബായിലെത്തിയതെന്നും ഉപഹർജിയിൽ പറയുന്നു. ദുബായിൽ നിന്ന് അടുത്ത തിങ്കളാഴ്ച കൊച്ചിയിൽ തിരിച്ചെത്തുമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്.