ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്റ്

അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്നലെ അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ മകനുമാണ് ഷെയ്ഖ് മുഹമ്മദ്. ഇന്ത്യയുമായി ഏറ്റവും മികച്ച ബന്ധം സൂക്ഷിക്കുന്ന ഭരണാധികാരികൂടിയാണ് ഷെയ്ഖ് മുഹമ്മദ്. വിഡിയോ റിപ്പോർട്ട് കാണാം. 

ഇന്നലെ അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2014 ൽ രോഗബാധിതനായതിനു ശേഷം ഏഴു വർഷത്തോളമായി കിരീടാവകാശിയെന്ന നിലയിൽ ഭരണച്ചുമതല നിർവഹിക്കുന്നത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ്. പ്രസിഡന്റെന്ന നിലയിലേക്ക ്ചുമതല മാറുമ്പോൾ ഷെയ്ഖ് മുഹമ്മദിന്റെ നയങ്ങൾക്ക് മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്. ഏറ്റവും ശക്തനായ അറേബ്യൻ നേതാവായി 2019 ൽ ന്യൂയോർക് ടൈംസ് തിരഞ്ഞെടുത്തത് 61 കാരനായ ഷെയ്ഖ് മുഹമ്മദിനെയായിരുന്നു. ഒരിക്കലും അടുക്കില്ലെന്നു കരുതിയ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതടക്കം ശക്തമായ തീരുമാനങ്ങളെടുത്ത ഭരണാധികാരി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകുകയും ഒഐസിയിൽ പാക്കിസ്ഥാന്റെ ആവശ്യം നിരാകരിച്ച് ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിക്കുകയും ചെയ്തതിലൂടെ ഇന്ത്യക്കു പ്രിയപ്പെട്ടവനായി. ഇന്ത്യ, യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്തകരാർ അടക്കം യാഥാർഥ്യമാക്കുന്നതിനു മുന്നിൽനിന്നതും ഷെയ്ഖ് മുഹമ്മദായിരുന്നു. മേഖലയിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രത്തിനു അബുദാബിയിൽ  സൗജന്യഭൂമി അനുവദിച്ചതടക്കം  സഹിഷ്ണുതയുടെ സന്ദേശവാഹകനുമായി. ഇറാനും ഹൂതി വിമതരും മേഖലയിലുയർത്തുന്ന സുരക്ഷാഭീഷണികളെ മറികടക്കുകയാണ് ഷെയ്ഖ് മുഹമ്മദിനു മുന്നിലുള്ള വെല്ലുവിളികൾ. മറ്റു എമിറേറ്റുകളുടെ ഭരണാധിപൻമാരുമായി ഏറ്റവും അടുത്തബന്ധം സൂക്ഷിക്കുന്ന ഷെയ്ഖ് മുഹമ്മദ് മുൻഗാമികളെപ്പോലെ ഐക്യത്തിന്റെയും വികസനത്തിന്റെയും വഴിയിലൂടെ യുഎഇയെ നയിക്കുമെന്നാണ് പ്രതീക്ഷ.