ഉള്ള് തൊട്ട തിരക്കഥകൾ; എഴുത്തിന്റെ നറുപുഞ്ചിരി; വിട... ജോൺ പോൾ

താരമൂല്യത്തിനപ്പുറം തിരക്കഥയുടെ ശക്തിയില്‍ ഓര്‍മിക്കപ്പെടുന്ന നൂറില്‍പരം സിനിമകളിലൂടെയാണ് ജോണ്‍പോള്‍ സിനിമയില്‍ ഓര്‍മിക്കപ്പെടുക. നിത്യഹരിതവും ജീവിതഗന്ധവുമുള്ള തിരക്കഥകളിലൂടെയാണ് ജോണ്‍പോള്‍ മലയാള സിനിമചരിത്രത്തില്‍ അടയാളപ്പെട്ടതും.  ബാങ്ക് ജീവനക്കാരനില്‍നിന്ന് പത്രക്കാരനായും ആ എഴുത്തിലൂടെ തിരക്കഥാകൃത്തുമായ ജോണ്‍പോള്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. 

ഭരതന്‍ കയ്യൊപ്പിട്ട സിനിമകളില്‍ തിരക്കഥയുടെ ശക്തി അറിയിച്ചാണ് സിനിമയിലേക്കുള്ള ജോണ്‍പോളിന്റെ വരവ്. 80ല്‍ പുറത്തിറങ്ങിയ ചാമരത്തിന് പിന്നാലെ ഭരതനൊപ്പം മര്‍മരം, ഒാര്‍മയ്ക്കായ്, പാളങ്ങള്‍ തുടങ്ങിയ ചിത്രങ്ങളും പുറത്തുവന്നതോടെയാണ് ജോണ്‍പോള്‍ എന്ന തിരക്കഥാകൃത്ത് മലയാളസിനിമയില്‍ ശക്തമായ സാന്നിധ്യമായതും. എണ്‍പത്തിയൊന്നില്‍ അങ്ങനെ ജോണ്‍പോളിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ഏഴ് ചിത്രങ്ങളും കലാപരവും വാണിജ്യമൂല്യവും ഇഴചേര്‍ന്നവയായി. എണ്‍പത്തിരണ്ടില്‍ െഎ.വി ശശി സംവിധാനം ചെയ്ത ഇണ എന്ന ചിത്രത്തിനായി എഴുതി അവലംബിത തിരക്കഥയും വാണിജ്യസിനിമയുടെ അവിഭാജ്യഘടകമായി ജോണ്‍പോളിനെ മാറ്റി. 

ഇടവേളകളില്ലാത്ത എഴുത്തിലേക്കായിരുന്നു പിന്നെ ജോണ്‍പോളിന്റെ സഞ്ചാരം. മോഹന്‍ , പി.ജി.വിശ്വംഭരന്‍, പി.എന്‍.മേനോന്‍, കെ.എസ്.സേതുമാധവന്‍ അടക്കമുള്ളവരുമായി,ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങള്‍ക്കായി എഴുതി.  ജോണ്‍പോളിന്റെ കഥയില്‍ ബാലുമഹേന്ദ്രയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ യാത്ര മമ്മൂട്ടിയെന്ന നടന്റെ അഭിനയജീവിതത്തില്‍ സുപ്രധാന വഴിത്തിരിവായി. . യാത്രയും കാതോട് കാതോരവും ഉള്‍പ്പെടെ എണ്‍പത്തിയഞ്ചില്‍ മാത്രം ജോണ്‍പോളിന്റെ തൂലികയില്‍ പിറകൊണ്ടത് പത്ത് ചിത്രങ്ങളായിരുന്നു. 

രേവതിക്കൊരു പാവക്കുട്ടി, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, ഉല്‍സവപിറ്റേന്ന് അടക്കം എണ്‍പതുകളില്‍ പുറത്തിറങ്ങിയ ജോണ്‍പോള്‍ സിനിമകളെല്ലാം നിലനില്‍പിനായി പൊരുതിയ അഭിനേതാക്കള്‍ക്കും അനുഗ്രഹമായിരുന്നു. പുതിയ എഴുത്തുകാരും മുഖംമാറി തുടങ്ങിയ മുഖ്യധാരസിനിമയെയും പരിചയപ്പെട്ട തൊണ്ണൂറുകളിലും ജോണ്‍പോളിന്റെ സിനിമകള്‍ ജീവിതം പറയുന്നവയായി.  പുറപ്പാട് , കേളി, മാളൂട്ടി, സൂര്യഗായത്രി, ചമയം തുടങ്ങി ഓരോ സിനിമകളിലും കാണാനായത് താരമൂല്യത്തിനോ വ്യക്തി താല്‍പര്യങ്ങള്‍ക്കോ പൊരുത്തപ്പെടാത്ത എഴുത്തുകാരനായിരുന്നു. 

എഴുത്തിന്റെ വഴിവിട്ട് ജോണ്‍പോള്‍ നിര്‍മാതാവായപ്പോഴാണ് എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത് ദേശീയ രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ ഒരു ചെറുപുഞ്ചിരി എന്ന സിനിമയുണ്ടായത്. നാല് പതിറ്റാണ്ട് നീണ്ട എഴുത്തിന്റെ വഴിയില്‍ അപ്പോഴും ജോണ്‍പോള്‍ എത്രകണ്ട് അംഗീകരിക്കപ്പെട്ടുെവന്ന് ചോദിച്ചാല്‍ ആ ചോദ്യം മാത്രം ബാക്കിയാകും. ഒടുവിലായി ഗ്യാംങ്സ്റ്റര്‍ അടക്കമുള്ള ചില സിനിമകളില്‍ അഭിനേതാവായും ജോണ്‍പോള്‍ എത്തി. ടെലിവിഷന്‍ അവതാരകന്‍, ചലച്ചിത്ര അധ്യാപകന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍ അങ്ങനെയെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ജിവിതത്തിന്റെ തിരക്കഥയ്ക്ക് അടിവരയിട്ട് കടന്നുപോകുന്നതും.