kas-01

കൂടുതല്‍ വകുപ്പുകളെ കേരള അഡ്മിനിസട്രേറ്റീവ് സര്‍വീസിലേക്ക് കൊണ്ടു വന്നേക്കും. ടെക്നിക്കല്‍ തസ്തികകള്‍ ഒഴിച്ചുള്ള രണ്ടാം ഗസറ്റഡ് പോസ്റ്റുകളായിരിക്കും കെ.എ.എസില്‍ ഉള്‍പ്പെടുത്തുക. 29 വകുപ്പുകളിലെ രണ്ടാംഗസറ്റഡ് പോസ്റ്റിലാണ് ആദ്യ ഘട്ടത്തില്‍ കെ.എ.എസുകാര്‍ക്ക് നീക്കിവെച്ചത്.   

 

29 വകുപ്പുകളിലെ രണ്ടാംഗസറ്റഡ് പോസ്റ്റിലുണ്ടായിരുന്ന 105 തസ്തികളില്‍ ആദ്യഘട്ട നിയമനം നടത്തിയാല്‍ ഈ വകുപ്പുകളില്‍ ഇനി ഈ വകുപ്പുകളില്‍ ഒഴിവുണ്ടാകില്ല. ജോലിയില്‍ പ്രവേശിക്കാത്തവര്‍ ഉണ്ടാവാനുള്ള സാധ്യതയും ഇല്ല. പിന്നീട് ഇവരുടെ പ്രൊമേഷന്‍ വന്നാലെ തസ്തികളില്‍ ഒഴിവുണ്ടാകുകയുള്ളു. അതിനു എട്ടുമുതല്‍ പത്ത് വര്‍ഷം വരെ വേണ്ടി വരും.

 

ഇതോടെയാണ് കൂടുതല്‍ വകുപ്പുകളെ കെ.എ.എസില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഘട്ടം ഘട്ടമായി ടെക്നിക്കല്‍ തസ്തികയൊഴിച്ചുള്ള എല്ലാ വകുപ്പിലെയും രണ്ടാം ഗസറ്റഡ് തസ്തകികള്‍ കെ.എ.എസിനു കീഴില്‍ കൊണ്ടു വരും. സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനം. ഇല്ലെങ്കില്‍ നിലവിലുള്ള 29 വകുപ്പുകളില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കേണ്ടി വരും. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ഇതു പ്രായോഗികമാകില്ല. നിലവിലെ ജീവനക്കാരുടെ പ്രൊമോഷന്‍ തടസപ്പെടുമെന്ന വാദമാണ് സംഘടനകള്‍ ഉയര്‍ത്തുന്നത്.

 

മധ്യനിരയില്‍ മിടുക്കരായ ജീവനക്കാരെ കിട്ടാന്‍ എല്ലാ വകുപ്പുകളേയും  കെ.എ.എസിലേക്ക് ഉള്‍പ്പെടുത്തണമെന്നാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം .ഐ.എ.എസിലേക്കുള്ള ഫീഡര്‍ തസ്തികയെന്ന നിലയില്‍ കെ.എ.എസ് പൂര്‍ണമായും ജനറല്‍ മെറിറ്റിലേക്ക് മാറ്റണമെന്ന ചീഫ് സെക്രട്ടറി തല ശുപാര്‍ശയും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.