ട്വിറ്ററിന് വില പറഞ്ഞ് മസ്ക്; 41 ബില്യണ്‍ ഡോളറിന് വാങ്ങാന്‍ തയാര്‍

ട്വിറ്റര്‍ ഓഹരി വാങ്ങിയത് വിവാദമായതിന് പിന്നാലെ ട്വിറ്ററിനുതന്നെ വില പറഞ്ഞ് അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. 41 ബില്യണ്‍ ഡോളറിന് എല്ലാ ഓഹരികളും വാങ്ങാന്‍ തയാറെന്ന് മസ്ക്, ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്്ലറിന് അയച്ച കത്തില്‍ വ്യക്തമാക്കി. ട്വിറ്ററിന്റെ ഒന്‍പത് ശതമാനം ഓഹരികളാണ് ഇലോണ്‍ മസ്ക് വാങ്ങിയത്. ഇതിന് പിന്നാലെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് മസ്ക് എത്തുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഡയറക്ടര്‍ പദവി സ്വീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം മസ്ക് പ്രഖ്യാപിച്ചു. ഓഫര്‍ സ്വീകരിച്ചില്ലെങ്കില്‍ തന്റെ കൈവശമുളള ഓഹരികളുടെ കാര്യത്തില്‍ ചില നീക്കങ്ങള്‍ നടത്തുമെന്ന സൂചനയും കത്തിലുണ്ട്. ഇതിനിടെ മസ്ക് ഓഹരികള്‍ വാങ്ങിയത് ചട്ടം ലംഘിച്ചാണെന്ന് കാട്ടി മറ്റ് ഓഹരി ഉടമകള്‍ പരാതി നല്‍കി.