ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതി പച്ചക്കൊടി

ശബരിമല വിമാനത്താവളത്തിന് അനുകൂല നിലപാടുമായി പാര്‍ലമെന്‍ററി സമിതി. വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ ശബരിമല തീര്‍ഥാടന ടൂറിസത്തിന് വന്‍ വളര്‍ച്ചയുണ്ടാകുമെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക സാധ്യത പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും സമിതി അറിയിച്ചു. പാര്‍ലമെന്‍ററില്‍വച്ച റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. ബിജെപി എംപി ടി.ജി വെങ്കടേഷ് അധ്യക്ഷനായ ടൂറിസം, ഗതാഗത സമിതിയുടെ റിപ്പോര്‍ട്ടിലാണ് ശബരിമലയിലെ നിര്‍ദിഷ്ട വിമാനത്താവളം യാഥാര്‍ഥ്യമാകണമെന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്. ആഭ്യന്തര, രാജ്യാന്തരതലത്തില്‍ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന സ്ഥലമാണ് ശബരിമല. വിമാനത്താവളം വന്നാല്‍ തീര്‍ഥാടക ടൂറിസത്തിന് വന്‍ വളര്‍ച്ച നല്‍കും. മാത്രമല്ല, കൊച്ചി, തിരുവനന്തപുരം ടൂറിസം സര്‍ക്യൂട്ടുകളുമായി ശബരിമലയെ ബന്ധിപ്പിക്കണം. പദ്ധതിക്കായി വ്യോമയാനമന്ത്രാലയം മുന്‍കൈയെടുത്ത് പ്രതിരോധമന്ത്രാലയവുമായും കെഎസ്െഎഡിസിയുമായും ചര്‍ച്ച നടത്തണമെന്ന് സമിതി നിര്‍ദേശിക്കുന്നു. പദ്ധതിക്ക് വ്യോമസേനയുടെ അനുമതി ലഭിച്ചു കഴിഞ്ഞു. കോട്ടയം ജില്ലയില്‍ എരുമേലിയില്‍ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളത്തിന് അനുമതി തേടി കെഎസ്െഎഡിസി 2020 ജൂണില്‍ വ്യോമയാനമന്ത്രാലയത്തെ സമീപിച്ചു. 

ആകാശദൂരം കണക്കാക്കുമ്പോള്‍ നിര്‍ദിഷ്ട ശബരിമല വിമാനത്താവളം കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന് 88 കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 110 കിലോ മീറ്ററും അകലെയാണ്. വിമാനത്താവളത്തിനായുള്ള ശുപാര്‍ശ എയര്‍പ്പോര്‍ട്ട് അതോറിറ്റിക്കും  ഡിജിസിെഎയ്ക്കും പ്രതിരോധമന്ത്രാലയത്തിനും നല്‍കിയിരുന്നു. പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക സാധ്യത പഠന റിപ്പോര്‍ട്ട് ഡിസംബറില്‍ നല്‍കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒാഗസ്റ്റുവരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സമിതി വ്യക്തമാക്കി.