തോപ്പില്‍ ആന്‍റോ അന്തരിച്ചു; ആ പാട്ടുകളുടെ ഉടമ ഇനി ‘മധുരിക്കും ഓര്‍മ..’

Thoppil-Anto-death-0412
SHARE

പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്‍റോ അന്തരിച്ചു. 81 വയസായിരുന്നു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഒട്ടേറെ ഗാനങ്ങള്‍ക്ക് സംഗീതവും നിര്‍വഹിച്ചിട്ടുണ്ട് അദ്ദേഹം. മലയാളികളെ ഏറെ ചിന്തിപ്പിച്ച അർഥവത്തായ പഴയ നാടകഗാനങ്ങൾ. സി.ഒ. ആന്റോ ആദ്യം പാടിയതെങ്കിലും തോപ്പിൽ ആന്റോ വൻ ഹിറ്റാക്കി മാറ്റിയ മധുരിക്കും ഓർമകളേ... എന്ന ഗാനമാണ്. ചവിട്ടുനാടക കലാകാരനായിരുന്ന അപ്പൻ കുഞ്ഞാപ്പുവും ഭക്തിഗാനങ്ങളും മറ്റും ഈണത്തിൽ പാടിയിരുന്ന ഏലീശ്വയുമാണ് ആന്റോയെ സംഗീതത്തിന്റെ ലോകത്തെത്തിച്ചത്. കുട്ടിക്കാലത്തു കിഴക്കേവലിയ വീട്ടിൽ ഹൈദ്രോസ് എന്ന അയൽവാസിയുടെ വീടിന്റെ ജനാലകളിലൂടെ ഒഴുകി വന്ന ഹിന്ദിപ്പാട്ടുകളായിരുന്നു തന്റെ സംഗീത ഗുരുവെന്ന് ആന്റോ പറയും.

മുഹമ്മദ് റഫിയുടെയും ലതാ മങ്കേഷ്കറിന്റെയും മുകേഷിന്റെയും ഗാനങ്ങൾ കേട്ടു പഠിച്ചു. പിന്നീട് ഇടപ്പള്ളി കോമള മ്യൂസിക്കൽ ആർട്സിൽ ചേർന്നു. ലതാമങ്കേഷ്കറുടെ സ്വരത്തിൽ അതേ റേഞ്ചിൽ പാടുന്ന ഗായകൻ എല്ലാവരെയും അത്ഭുതപ്പെടുത്തി. കോമള മ്യൂസിക് ആർട്സ് നടത്തിയ പരിപാടികളിൽ ആന്റോ സ്ഥിരം സാന്നിധ്യമായി. നാടകഗാനങ്ങളുടെ ലോകത്തേക്ക് ആന്റോയെ കൂട്ടിക്കൊണ്ടുപോകുന്നതു മുൻ കേന്ദ്രമന്ത്രി എ.സി. ജോർജായിരുന്നു.

വിമോചനസമരകാലത്തു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നാടകങ്ങൾക്കു വേണ്ടി പാടാൻ അവസരം കൊടുക്കുന്നത് അദ്ദേഹമാണ്. സി.ജെ. തോമസിന്റെ വിഷവൃക്ഷമെന്ന നാടകത്തിൽ ആദ്യമായി പാടി. കെ.എസ്. ആന്റണിയാണു സിനിമാ പിന്നണി ഗാനരംഗത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നത്. ഫാദർ ഡാമിയനായിരുന്നു ചിത്രം. പിന്നിൽനിന്നു വിളിക്കും കുഞ്ഞാടുകൾ തൻ വിളികേൾക്കാതെ എങ്ങു പോണു എന്ന, ആദ്യ സിനിമയിലെ ഗാനം അതേ ഊർജത്തോടെ ആന്റോ ഇപ്പോഴും പാടും. വീണപൂവ്, സ്നേഹം ഒരു പ്രാവാഹം, അനുഭവങ്ങളേ നന്ദി തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ. ബാബുരാജ്, എം.കെ. അർജുനൻ, ദേവരാജൻ തുടങ്ങിയ പ്രതിഭകൾക്കൊപ്പം പാടി. ഹണീ ബീ 2ൽ ആണ് അവസാനം പാടിയത്. ഒട്ടേറെ ഗായകരെ തന്റെ ട്രൂപ്പായ കൊച്ചിൻ ബാൻഡോറിലൂടെ മലയാളികൾക്കു പരിചയപ്പെടുത്തി.

MORE IN BREAKING NEWS
SHOW MORE