മുസ്ലിം സ്ത്രീകളുടെ തുല്യത ഉറപ്പാക്കുന്ന ചരിത്രപരമായ വിധിയാണ് സുപ്രീംകോടതിയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാക്തീകരണത്തിനായുള്ള ഉറച്ച കാല്‍വയ്പ്പാണിതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. വ്യക്തിനിയമം സംരക്ഷിച്ചുകൊണ്ട് മുത്തലാഖ് നിരോധിച്ച കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വ്യക്തമാക്കി.
കൃത്യമായ നിയമനിര്‍മാണത്തിന് സഹായകരമായ വിധിയാണ് മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചതെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നിയമനിര്‍മാണത്തിന്റെ കാര്യം പ്രധാനമന്ത്രിയുമായി ആലോചിക്കും.
വിധിയില്‍ ആഹ്ലാദമുണ്ടെന്നും വലിച്ചെറിയപ്പെടുന്ന മുസ്ലിം വനിതകള്‍ക്കെല്ലാം ആശ്വാസമാണ് വിധിയെന്നും മുത്തലാഖിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഇഷ്രത് ജഹാന് പറഞ്ഞു. അതേസമയം, കോടതിവിധി കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുമോയെന്ന് മുസ്്ലിം ലീഗിന് ആശങ്കയുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രതികരിച്ചു. നിയമനിര്‍മാണം പാര്‍ലമെന്റ് വിശദമായി ചര്‍ച്ച ചെയ്യണം.
മതപണ്ഡിതരുമായി കൂടിയാലോചിച്ചുവേണം പുതിയ നിയമം ഉണ്ടാക്കേണ്ടതെന്ന് വനിത ലീഗ് വ്യക്തമാക്കി. എന്നാല്‍, സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പാക്കുന്നതിനായി വ്യക്തിനിയമം പൊളിച്ചെഴുതണമെന്നായിരുന്നു ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റിയുടെ പ്രതികരണം.