പശുവിന്‍റെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നവരെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദലിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെയുള്ള അക്രമങ്ങളെക്കുറിച്ച് ലോക്സഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റത്തിന്‍റെ പേരില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ തടസപ്പെട്ടു.
ലോക്സഭ ചേര്‍ന്നയുടന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിഷയം ഉന്നയിച്ചെങ്കിലും ചോദ്യോത്തരവേളയ്ക്കുശേഷം ചര്‍ച്ചയാകാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിക്കുകയായിരുന്നു. സംസ്ഥാന, കേന്ദ്ര ഭരണവും പണവും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മധുസൂദന്‍ മിസ്തിരി ആരോപിച്ചു. സ്വന്തം എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നടപടി ലജ്ജിപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്്്വി മറുപടി നല്‍കി. പ്രത്യേക നോട്ടീസ് നല്‍കിയാല്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സഭ നിയന്ത്രിച്ചിരുന്ന ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ വ്യക്തമാക്കി.