TAGS

മാലിന്യകൂമ്പാരമെന്ന ചീത്തപ്പേരില്‍ നിന്ന് മൗണ്ടെയ്ൻ സൈക്ലിംഗ് ട്രാക്കിലേക്ക് ട്രാക്ക് മാറ്റി തിരുവനന്തപുരം വിളപ്പിൽശാല. കേരള സൈക്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ പെഡലിൽ വേഗം പരീക്ഷിച്ചത് 200 താരങ്ങളാണ്. കുന്നും കയറ്റവും ഇറക്കവും ഒത്തിണങ്ങിയ വിളപ്പിൽശാലയുടെ ഉപരിതലം സൈക്ലിങ്ങിന് അനുയോജ്യമെന്ന് താരങ്ങളും പരിശീലകരും പറയുന്നു.

പേര് കേള്‍ക്കുമ്പോള്‍ തന്നെ മൂക്ക് പൊത്തുമായിരുന്ന വിളപ്പില്‍ശാലയുടെ മുഖമാകെ മാറി. ചീഞ്ഞുനാറിയ മാലിന്യക്കൂമ്പാരം കിടന്നിടം കഴിഞ്ഞ രണ്ടുദിവസം സാക്ഷ്യം വഹിച്ചത് പെഡലില്‍ സാഹസികത തേടുന്ന യുവതയുടെ പന്തയക്കരുത്ത്. 46 ഏക്കറുള്ള വിളപ്പിൽ ശാലയിൽ പ്ലാൻ്റ് നിന്നതിന് സമീപം വരെ ട്രാക്ക് സജ്ജീകരിച്ചു. കല്ലും മണ്ണും കയറ്റിറക്കങ്ങളുമെല്ലാം ചേർന്ന മൂന്നര കിലോമീറ്ററിൽ സൈക്കിളുകൾ വേഗം തേടി.

ഒരിക്കൽ ഈച്ചയും കൊതുകും ഇഴജന്തുക്കളും നിറഞ്ഞ് മൂകമായിരുന്നിടത്ത് ഇന്ന് പ്രോത്സാഹനത്തിന്റെ കൈയ്യടികൾ. 2001ൽ വിളപ്പിൽശാലയിലെ കോർപ്പറേഷന്റെ മാലിന്യ സംസ്കരണശാല അടച്ചുപൂട്ടിയ ശേഷം ഇത് ആദ്യമായാണ് ഒരു പൊതുപരിപാടി ഇവിടെ നടക്കുന്നത്. പലവട്ടം പരിശോധിച്ച് ഇവിടം മത്സരത്തിന് പര്യാപ്തമാണെന്ന് തിരിച്ചറിഞ്ഞ കേരള സൈക്ലിംഗ് അസോസിയേഷൻ കോർപ്പറേഷന്റെ അനുമതി തേടുകയായിരുന്നു.

കഴിഞ്ഞ തവണ പൊന്മുടിയിൽ നടന്ന മത്സരമാണ് ഇത്തവണ വിളപ്പിൽശാലയിൽ നടന്നത്. രണ്ടുദിവസങ്ങളിലായി നടന്ന സൈക്ലിംഗ് മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 44 പേർ അടുത്തമാസം ഒഡീഷയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും. 

ENGLISH SUMMARY:

Vilappilsala mountain biking has transformed a former waste dumping ground into a premier cycling track. This initiative by the Kerala Cycling Association has successfully hosted a major competition, showcasing the area's potential for adventure sports and regeneration.