മാറിമാറിയെത്തുന്ന മഴയത്തും വെയിലത്തും പിഞ്ചുകുഞ്ഞുങ്ങളുമായി നിരാഹാരമിരിക്കുന്ന LPST ഉദ്യോഗാര്‍ഥികളുടെ കണ്ണീര്‍ തോരുന്നില്ല. നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ചുള്ള സമരം 34 ദിവസം പിന്നിടുമ്പോള്‍ പലരുടെയും ആരോഗ്യസ്ഥിതി മോശമായി. സര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്ത പക്ഷം മരണം വരെ നിരാഹാരമിരിക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.

ഊണും ഉറക്കവുമുളച്ച് പുസ്തകങ്ങള്‍ കാണാപാഠം പഠിച്ചവരാണ്. റാങ്ക് ലിസ്റ്റിലിടം പിടിച്ചപ്പോള്‍ വീടിന്‍റെയും നാടിന്‍റെയും അഭിമാനമായി അധ്യാപകരാകുമെന്ന് സ്വപ്നം കണ്ടവരാണ്. ക്ലാസ് മുറികളില്‍ കുഞ്ഞുങ്ങള്‍ക്ക് പാഠം പകര്‍ന്നുനല്‍കേണ്ടവര്‍ ഇന്നിരിക്കുന്നത് പക്ഷേ സെക്രട്ടറിയേറ്റിന് മുന്നിലെ തെരുവില്‍. മുട്ടുകുത്തിനിന്ന് സമരം ചെയ്തു. മണ്ണ് വാരിത്തിന്നു. ഒടുവില്‍ കഴിഞ്ഞ ഒന്‍പത് ദിവസമായി നിരാഹാരം കിടക്കുന്നു. ആദ്യം നിരാഹാരം തുടങ്ങിയ പാലക്കാട് സ്വദേശിനി വളര്‍മതി ജീവന്‍ നിലനിര്‍ത്തുന്നത് ഡ്രിപ്പിന്‍റെ ബലത്തിലാണ്. പ്രായമായ അമ്മയും വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളും വളര്‍മതിയെ കാത്ത്, ജോലി കിട്ടിയെന്ന വളര്‍മതിയുടെ വിളി കാത്ത് നാട്ടിലുണ്ട്.

കനത്തമഴ താല്‍കാലിക ടെന്‍റിലൂടെ അരിച്ചിറങ്ങുമ്പോഴൊക്കെ നിലത്ത് വിരിച്ച പായയില്‍ രാവും പകലും തള്ളിനീക്കുകയാണ് ഓരോരുത്തരും. സമരമെന്തെന്ന് പോലുമറിയാത്ത കുഞ്ഞുമക്കള്‍ അമ്മമാരുടെ ഓരം ചേര്‍ത്ത് സമരപ്പന്തലില്‍ തണുത്ത് വിറച്ചിരിപ്പുണ്ട്. എ‍ത്രനാളിനി കാത്തിരിക്കേണ്ടി വരുമെന്നറിയില്ല. പക്ഷേ എന്നെങ്കിലും ഒരിക്കല്‍ സര്‍ക്കാര്‍ കനിയുമെന്ന പ്രതീക്ഷ ഇനിയുമിവരില്‍ അവശേഷിക്കുന്നു.

ENGLISH SUMMARY:

LPST protest is a critical issue in Kerala, with teacher aspirants on a hunger strike demanding timely appointments. The protest highlights the struggles of unemployed graduates who have invested heavily in their education and now face deteriorating health while waiting for government jobs.