കവടിയാര്‍ കൊട്ടാരത്തിലെ കോടികളുടെ മോഷണത്തില്‍ സന്ദര്‍ശകരും ജീവനക്കാരും സംശയനിഴലില്‍. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൊട്ടാരത്തിലെത്തിയവരുടെ പട്ടിക തയാറാക്കാന്‍ തുടങ്ങി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും.
സെക്യൂരിറ്റിയും സിസിടിവി കാമറകളുമടക്കം വന്‍ സുരക്ഷയുള്ള കൊട്ടാരം. രണ്ടാം നിലയിലുള്ള മുറിയില്‍ കടന്ന് അലമാരയിലെ ലോക്കറില്‍ നിന്ന് തെളിവിന്‍റെ തരിമ്പ് പോലും അവശേഷിക്കാതെ കോടികളുടെ സ്വര്‍ണവും വജ്രവും അടിച്ചുമാറ്റി. മോഷണം പുറത്തറിഞ്ഞത് തന്നെ നാല് മാസത്തിന് ശേഷം. ഇത്രയും വിദഗ്ധമായി കവര്‍ച്ച നടത്തണമെങ്കില്‍ കൊട്ടാരത്തേക്കുറിച്ച് നന്നായി അറിയാവുന്ന ഒരാളാകാണമെന്ന് പൊലീസ് ഉറപ്പിച്ചു. അതുകൊണ്ട് തന്നെ ജീവനക്കാരാണ് സംശയപട്ടികയില്‍ ഒന്നാമത്. അതുകൂടാതെ പതിവായെത്തുന്ന ചില സന്ദര്‍ശകരുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വിദേശികളും വന്നുപോയിട്ടുണ്ട്. ഇത്തരക്കാരുടെയെല്ലാം പട്ടിക തയാറാക്കുകയാണ് പൊലീസ് അന്വേഷണത്തിലെ ആദ്യഘട്ടം. ഇവരെയെല്ലാം ചോദ്യം ചെയ്യും.
എന്നാല്‍ ജീവനക്കാരെ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കരുതെന്ന നിര്‍ദേശം കൊട്ടാരം, പൊലീസിന് മുന്നില്‍ വെച്ചിട്ടുണ്ട്. അത് ഉറപ്പ് നല്‍കാനാവില്ലെന്നും സാഹചര്യം പോലെ കൈകാര്യം ചെയ്യാമെന്നുമാണ് പൊലീസിന്‍റെ മറുപടി. നഷ്ടപ്പെട്ട സ്വര്‍ണത്തിന്‍റെ അളവ് നിലവില്‍ രണ്ട് കോടിയെന്നാണ് കരുതുന്നതെങ്കിലും ഇനിയും ഉയര്‍ന്നേക്കാം. അതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനും ആലോചനയുണ്ട്. നിലവില്‍ കന്‍റോണ്‍മെന്‍റ് എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.