TOPICS COVERED

പതിനെട്ട് രൂപ ഗൂഗിള്‍ പേ വഴി ടിക്കറ്റിന് നല്‍കാനാവാത്തതിന്‍റെ പേരില്‍ തിരുവനന്തപുരം വെളളറടയില്‍ രാത്രി യാത്രയ്ക്കിടയില്‍ യുവതിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. വെള്ളറട സ്വദേശിയും , കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായ ദിവ്യയ്ക്കാണ് ദുരനുഭവമുണ്ടായത്. പെരുവഴിയില്‍ ഇറക്കിയത് കാരണം രാത്രി രണ്ടര കിലോമീറ്റര്‍ നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയതെന്നാണ് ആക്ഷേപം. 

ജോലി കഴിഞ്ഞ് രാത്രി നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള അവസാന ബസിലാണ് ദിവ്യ വീട്ടിലേക്ക് മടങ്ങുന്നത്. ആരോഗ്യപ്രശ്നമുള്ളതിനാല്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെ വീട്ടിലേക്ക് മടങ്ങാന്‍ ദിവ്യ കൂനമ്പനയില്‍ നിന്ന് ബസില്‍ കയറി. പഴ്സെടുക്കാന്‍ മറന്നതിനാല്‍ ഗൂഗിള്‍ പേ വഴി ടിക്കറ്റ് നിരക്ക് നല്‍കാമെന്നായിരുന്നു കരുതിയത്. കാരക്കോണത്തുനിന്ന് 18 രൂപയുടെ ടിക്കറ്റ് എടുത്ത് ഗൂഗിള്‍ പേ ഉപയോഗിച്ചില്ലെങ്കിലും സര്‍വറിന്‍റെ തകരാര്‍ കാരണം ഇടപാട് നടത്താനായില്ല. 

പ്രകോപിതനായ കണ്ടക്ടര്‍ തോലടിയില്‍ യുവതിയെ ഇറക്കിവിടുകയായിരുന്നു. വെള്ളറട എത്തുമ്പോള്‍ പണം സംഘടിപ്പിച്ച് നല്‍കാമെന്ന് വരെ പറഞ്ഞെങ്കിലും യാത്ര ചെയ്യാന്‍ കണ്ടക്ടര്‍ അനുവദിച്ചില്ലെന്നാണ് പരാതി. തെരുവു വിളക്കുകള്‍ പോലുമില്ലാത്ത ഇല്ലാത്ത തോലടിയില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ല എന്ന് തോന്നിയതിനെ തുടര്‍ന്ന് ദിവ്യ, ഭര്‍ത്താവിനെ വിവരമറിയിച്ച ശേഷം രണ്ടര കിലോമീറ്റര്‍ നടക്കുകയായിരുന്നു. ഭര്‍ത്താവ് ബൈക്കിലെത്തിയാണ് നിലമാമൂട് ഭാഗത്തുനിന്ന് ദിവ്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. 

കണ്ടക്ടറുടെ പെരുമാറ്റത്തിനെതിരെ ദിവ്യ മന്ത്രിക്കും, വെള്ളറട സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പരാതി നല്‍കി. ദിവ്യയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും കണ്ടക്ടര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

A woman employee of a private hospital was allegedly forced off a KSRTC bus at night in Vellarada, Thiruvananthapuram, after she was unable to pay the ₹18 ticket fare via Google Pay due to a server error. Despite her request to pay upon reaching the destination, the conductor insisted she get off at a poorly lit area called Tholadi. The woman, Divya, had to walk 2.5 km in the dark before her husband could pick her up. Following the incident, she filed complaints with the Transport Minister and the Station Master. KSRTC authorities have confirmed a departmental inquiry against the conductor.