ഗതാഗതക്കുരുക്കില്‍ വലയുന്ന ദേശീയപാതയിലെ തിരുവനന്തപുരം കുമരിച്ചന്ത ഭാഗത്തെ മേല്‍പ്പാല നിര്‍മാണ പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രിതല ഇടപെടല്‍. കരാറുകാരനുമായി ചര്‍ച്ച ചെയ്ത് നിര്‍മാണ തടസം നീക്കുമെന്ന് ദേശീയപാത അധികൃതര്‍ ജില്ലാഭരണകൂടത്തെ അറിയിച്ചു. ഇരുവശത്തേക്കുമുള്ള ഗതാഗത സൗകര്യം ഉറപ്പാക്കാതെയുള്ള നിര്‍മാണമെന്ന നാട്ടുകാരുടെ പരാതിയിലാണ് പണിതുടങ്ങിയതിന് പിന്നാലെ നിര്‍ത്തിയത്.
തിരക്കൊഴിയാ ഇടമാണ്. അപകടവും പതിവ്. ഗൗരവമേറിയ ഇടപെടലാണ് വേണ്ടതെന്ന് നാട്ടുകാരും വ്യാപാരികളും ആവര്‍ത്തിക്കുമ്പോഴും തീരെ തിരിഞ്ഞ് നോക്കാത്ത മട്ടില്‍ ദേശീയപാത അധികൃതര്‍ അലംഭാവം കാണിക്കുന്നുവെന്നാണ് ആക്ഷേപം. അമ്പലത്തറ, പൂന്തുറ ഭാഗത്തേക്ക് തിരക്കേറിയ ഉപറോഡ് ഉള്‍പ്പെടെ ചേരുന്ന കുമരിചന്തയില്‍ മേല്‍പ്പാലം പണികള്‍ തുടങ്ങിയതിന് പിന്നാലെ നിര്‍ത്തി. ഇരുപത് മീറ്റര്‍ ഇടവേളകളില്‍ മൂന്ന് സ്പാനുള്ള മേല്‍പ്പാലം നിര്‍മിക്കാനാണ് ദേശീയപാത അതോറിറ്റി കരാര്‍ നല്‍കിയത്. ഇത് റോഡിന്‍റെ ഇരുവശവും കെട്ടി അടയ്ക്കുന്ന മട്ടിലാവുമെന്ന ആക്ഷേപം ഉയര്‍ത്തി നാട്ടുകാര്‍ എതിര്‍ത്തു. ജനപ്രതിനിധികളും നാട്ടുകാര്‍ക്ക് പിന്തുണ അറിയിച്ചതോടെ ദേശീയപാത അതോറിറ്റി പണികള്‍ നിര്‍ത്തിവച്ചു. അപകട മുനമ്പായി മാറി കുമരിച്ചന്ത ഭാഗം.
ഇരുപത്തി രണ്ട് കോടി രൂപയാണ് മേല്‍പ്പാലം നിര്‍മിക്കാനായി ദേശീയപാത അതോറിറ്റി കരാര്‍ നല്‍കിയത്. അഞ്ച് സ്പാനുകളുള്ള മേല്‍പ്പാലം നിര്‍മിക്കണമെങ്കില്‍ എസ്റ്റിമേറ്റും രൂപരേഖയും മാറ്റണം. ഇക്കാര്യത്തില്‍ ജനങ്ങളുടെ താല്‍പര്യം കൂടി പരിഗണിച്ചുള്ള തീരുമാനം വേണമെന്നാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ അറിയിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുത്ത് നിര്‍മാണം പുനരാരംഭിക്കുമെന്നാണ് ദേശീയപാത അധികൃതരുടെ നിലപാട്.