കാടും വള്ളിപ്പടര്‍പ്പുകളും അലങ്കാരമാക്കിയ കെട്ടിടം അനാസ്ഥയുടെ അടയാളമാവുന്നു. തിരുവനന്തപുരം പോത്തൻകോട് വേങ്ങോട് മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടത്തിൻ്റെയും ഗേൾസ് ഹോസ്റ്റലിന്‍റെയും പ്രവര്‍ത്തനം ഉദ്ഘാടനം നടന്ന് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും തുടങ്ങാനായില്ല. പതിനഞ്ച് കോടിയിലേറെ ചെലവില്‍ കുട്ടികളുടെ ക്ഷേമത്തിനായി പണിതീര്‍ത്ത കെട്ടിടം നിലവില്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്.
പുതിയ കെട്ടിടം പണി ഏത് വരെയായെന്ന് ചോദിച്ചാല്‍ എന്നേ പൂര്‍ത്തിയായെന്നാവും മറുപടി. ഇത് കൃഷിവകുപ്പിന് കൈമാറിയോ എന്നാരാഞ്ഞാല്‍ പണിക്ക് നേതൃത്വം നല്‍കിയവര്‍ക്കും സംശയമാവും. അത്രയേറെ വള്ളിപ്പടര്‍പ്പ് മൂടിയിട്ടുണ്ട് കെട്ടിമാകെ. പട്ടിക വിഭാഗം കുട്ടികളുടെ ക്ഷേമത്തിനായി കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടവും ഗേൾസ് ഹോസ്റ്റലുമാണ് കാട് കയറി നശിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഞ്ചാം ക്ലാസ് തുടങ്ങിയുള്ള പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യമാണ് പാതിവഴിയിലുള്ളത്.
പോത്തൻകോട് പഞ്ചായത്തിലെ വേങ്ങോടില്‍ കിഫ്ബി ഫണ്ടില്‍ നിന്നും പതിനഞ്ച് കോടിയിലേറെ ചെലവഴിച്ചാണ് സ്കൂളും ഹോസ്റ്റൽ കെട്ടിടവും നിർമിച്ചത്. 2022 ല്‍ അന്നത്തെ മന്ത്രിയും നിലവിലെ ആലത്തൂര്‍ എം.പിയുമായ കെ.രാധാകൃഷ്ണന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നടത്തിയെങ്കിലും ജീവനക്കാരെയും അധ്യാപകരെയും നിയമിക്കാത്തതാണ് പ്രതിസന്ധി.