സിപിഎം ഭരണസമിതിയുടെ കാലയളവില്‍ തിരുവനന്തപുരം നേമം സര്‍വീസ് സഹകരണ ബാങ്കില്‍ 96.91 കോടിയുടെ തട്ടിപ്പ് നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പരിശോധനയിലാണ് ക്രമക്കേടിന്‍റെ വ്യാപ്തി തിരിച്ചറിഞ്ഞത്. മുന്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ സ്വന്തംനിലയില്‍ കട്ടെടുത്ത തുകയുടെ കണക്കും റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂ. കോടികള്‍ വായ്പയായി അനുവദിച്ചത് യാതൊരു രേഖയും വാങ്ങാതെയെന്ന് വ്യക്തം. പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ ആകെ കിട്ടാനുള്ളത് 10.73 കോടി രൂപയാണ്. ഇതില്‍ 4.83 കോടി രൂപയ്ക്ക് മാത്രമേ രേഖകളുള്ളൂ. മുന്‍ സെക്രട്ടറിമാരായ എസ്.ബാലചന്ദ്രന്‍ നായര്‍ 20.76 കോടി രൂപയുടെയും എ.ആര്‍.രാജേന്ദ്ര കുമാര്‍ 31.63 കോടി രൂപയുടെയും എസ്.എസ്.സന്ധ്യ 10.41 കോടി രൂപയുടെയും ക്രമക്കേടുകള്‍ നടത്തിയെന്ന് രേഖകളില്‍ പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണസമിതി അംഗങ്ങള്‍ ഓരോരുത്തരും നഷ്ടം വരുത്തിയ കണക്കുകളും പുറത്തുവന്നു. പല ഭരണസമിതി അംഗങ്ങളും 3 കോടിയോളം രൂപ ബാങ്കിന് നഷ്ടമുണ്ടാക്കിയതായും അവരില്‍ നിന്നും പണം ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. നിക്ഷേപം അമിതമായി ലഭിക്കാന്‍ സ്ഥിരനിക്ഷേപത്തിന് അധിക പലിശ നല്‍കുകയും വേണ്ടപ്പെട്ടവര്‍ക്ക് രേഖകളില്ലാതെ വായ്പ അനുവദിക്കുകയും ചെയ്തത് വലിയ ബാധ്യതയുണ്ടാക്കി.
സ്ഥിരം ഇടപാടുകാരായ പലരുടെയും അക്കൗണ്ട് വഴി സാമ്പത്തിക തിരിമറി, ഗൂഢാലോചന, വ്യാജരേഖ നിര്‍മിക്കല്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടി ക്രിമിനല്‍ കേസെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. കെഎസ്എഫ്ഇയെ വരെ കബളിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക കണക്കുകളുടെ സംഖ്യ പുറത്തുവന്നെങ്കിലും തട്ടിപ്പിന്‍റെ വ്യാപ്ചി ഇതിന്‍റെ ഇരട്ടിയിലേറെ കടക്കുമെന്നാണ് വിവരം. ക്രമക്കേട് നടത്തിയവരുടെ സ്വത്ത് കണ്ടുകെട്ടി നിക്ഷേപ തട്ടിപ്പിനിരയായ ആളുകള്‍ക്ക് സാമ്പത്തികം തിരികെ കിട്ടുന്നതിന് ഇടപെടണമെന്നാണ് പണം നഷ്ടപ്പെട്ടവരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്.