തിരുവനന്തപുരം നഗരത്തിലെ വന്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന് പിന്നില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന നിഗമനത്തില്‍ പൊലീസ്. അമേരിക്കന്‍ മലയാളിയുടെ കോടികള്‍ വിലമതിക്കുന്ന വീടും പുരയിടവുമാണ് ആള്‍മാറാട്ടം നടത്തി തട്ടിയെടുത്തത്. തട്ടിപ്പിന് വേണ്ടി ആധാരം തയാറാക്കിയത് കോണ്‍ഗ്രസ് നേതാവെന്ന് സംശയം.
ഡോറ അസറിയ ക്രിപ്സ്–വര്‍ഷങ്ങളായി അമേരിക്കയിലുള്ള അവരാണ് ഈ വീടിന്‍റെ യഥാര്‍ത്ഥ ഉടമ. എന്നാല്‍ ജനുവരി മുതല്‍ ചന്ദ്രസേനന്‍ എന്നയാളുടെ പേരിലായി വീട്. ശിവകൃപ എന്ന് വീടിന്‍റെ പേര് മാറ്റി, മിനുക്കുപണികളും തുടങ്ങി. തട്ടിപ്പിന്‍റെ തിരക്കഥയിങ്ങിനെയാണ്. ജനുവരിയില്‍ കൊല്ലം സ്വദേശി മെറിന്‍ ജേക്കബ് ഡോറയുടെ വളര്‍ത്തുമകളായി പ്രത്യക്ഷപ്പെട്ടു. ഡോറയായി വട്ടപ്പാറ സ്വദേശി വസന്തയും ആള്‍മാറാട്ടം നടത്തി. ഇരുവരും ഒരുമിച്ച് ശാസ്തമംഗലം സബ് റജിസ്ട്രാര്‍ ഓഫീസിലെത്തി വീടും പറമ്പും വളര്‍ത്തുമകളായ ഡോറയുടെ പേരില്‍ എഴുതി കൊടുക്കുന്നതായി രേഖകളുണ്ടാക്കി. അതിന് ശേഷം ചന്ദ്രസേനന്‍ എന്നയാള്‍ക്ക് വിറ്റു. രണ്ടാഴ്ച മുന്‍പ് വീടിന്‍റെ യഥാര്‍ത്ഥ ഉടമയായ ഡോറയുടെ കാര്യസ്ഥന്‍ കരമടക്കാനെത്തിയപ്പോളാണ് തട്ടിപ്പ് പുറത്തറിയുന്നത്. പിന്നാലെ മെറിനെയും വസന്തയേയും അറസ്റ്റ് ചെയ്തു.
ഡോറയുമായി രൂപസാദ്യശ്യമുള്ള രണ്ട് സ്ത്രീകളെ കണ്ടെത്തി പണം വാഗ്ദാനം ചെയ്ത് റിയല്‍ എസ്റ്റേറ്റ് മാഫിയ തട്ടിപ്പ് നടത്തിയെന്നാണ് വിലയിരുത്തല്‍. തട്ടിപ്പിന് സഹായിച്ച ആധാരം ഉള്‍പ്പടെയുള്ള രേഖകള്‍ തയാറാക്കിയത് കോണ്‍ഗ്രസ് നേതാവും ആധാരം എഴുത്ത് സ്ഥാപനം നടത്തുന്ന അനന്തപുരി മണികണ്ഠന്‍റെ നേതൃത്വത്തിലെന്നാണ് സംശയം. മെറിനുമായി പൊലീസ് അവിടെയെത്തി രേഖകള്‍ പരിശോധിച്ചു. ഇതുകൂടാതെ റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും സംശയിക്കുന്നുണ്ട്. ഇവരെ പ്രതിയാക്കാനുള്ള സാധ്യത തേടിയാണ് അന്വേഷണം പുരോഗമിക്കുന്നത്.