TOPICS COVERED

തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒന്‍പതാം വാര്‍ഡില്‍ ഏറ്റെടുക്കാന്‍ ഉററവരില്ലാതെ കഴിഞ്ഞ 13 കിടപ്പു രോഗികള്‍ കൂടി സനാഥരായി.  ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി ഇടപെട്ടാണ് ഇവരെ എറണാകുളം ബത്ലഹേം കെയര്‍ സെന്‍ററില്‍ പുനരധിവസിപ്പിച്ചത്. 

ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ വര്‍ഷങ്ങളോളം ഇവര്‍ ഉറ്റവരെ കാത്തിരുന്നു. ആരും വന്നില്ല, കൂട്ടിക്കൊണ്ട് പോയില്ല. കണ്ണൂകളില്‍ നിരാശമാത്രമുണ്ടായിരുന്ന മനുഷ്യര്‍ക്ക് പ്രതീക്ഷ പകര്‍ന്നാണ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ കടന്നു വരവ്. മുളന്തുരുത്തിയിലെ ബത്ലഹേം സെന്‍ററാണ് ഇവരെ ഏറ്റെടുത്തത്. മകള്‍ ലക്ഷ്മിയുടെ ഒാര്‍മയ്ക്കായുളള  ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ സുരേഷ് ഗോപിയാണ് ആംബുലന്‍സുകളുടെ ചെലവ് വഹിച്ചത്. 

ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രതിനിധിയായി അഡ്വ. ശ്രീജ ശശിധരന്‍, ആശുപത്രി സൂപ്രണ്ട് കൃഷ്ണവേണി എന്നിവര്‍ നേതൃത്വം നല്കി.  ആംബുലന്‍സുകളിലായി മെഡിക്കല്‍ സംഘത്തിന്‍റെ അകമ്പടിയോടെയാണ് രോഗികളെ എറണാകുളത്തേയ്ക്ക് മാറ്റിയത്. 

ENGLISH SUMMARY:

Thirteen abandoned bedridden patients from Ward 9 of Thiruvananthapuram General Hospital have found new shelter. With the intervention of the District Legal Services Society, they were relocated to Bethlehem Care Centre in Ernakulam.