
തിരുവനന്തപുരം മാറനല്ലൂരിൽ പെറ്റ് ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ ദുരൂഹത. തീപിടുത്തത്തിൽ പ്രാവുകളും മത്സ്യങ്ങളും ഉൾപ്പെടെ വെന്തുരുകി. തീ വച്ചതാണെന്നാണ് കടയുടമയുടെ ആരോപണം. ഊരുട്ടുമ്പലം മാറനല്ലൂരിൽ ഷിബിന്‍റെ ബ്രദേഴ്സ് പെറ്റ് അക്വേറിയത്തിൽ പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. വിവരം അറിഞ്ഞ് ഷിബിന് എത്തുമ്പോഴും കട കത്തിനശിച്ചിരുന്നു.
വിലകൂടിയ കിങ്, ഫാൻ ടെയിൻ, ഹംഗേറിയൻ ഹൌസ് തുടങ്ങിയ പക്ഷികൾക്ക് പുറമേ നാടൻ പ്രാവുകൾ, പറവകളും അലങ്കാര മത്സ്യങ്ങളും വെന്തുരുകി ചത്തു. ആകെ മൂന്നര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നേരത്തെ ചെറിയ തോതിൽ വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വിൽപ്പന നടത്തിയിരുന്ന ഷിബിൻ ഏഴുമാസം മുൻപാണ് കട തുടങ്ങിയത്. വായു സഞ്ചാരത്തിനായി ഷട്ടർ പൂർണമായി അടയ്ക്കാറില്ല. അതുകൊണ്ട് തന്നെ തീപിടുത്തതിൽ ഷിബിന് സംശയമുണ്ട്.
മാറനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.