പതിനേഴ് വർഷമായി പൂട്ടിക്കിടക്കുന്ന പത്തനംതിട്ടയിലെ പഴയ മിൽമ പ്ലാന്‍റ് ഫലപ്രദമായി ഉപയോഗിക്കണമെന്ന് നാട്ടുകാർ. മൂന്നര ഏക്കറിൽ കാടുകയറി ഉപദ്രവം ആയതുകൊണ്ട് കൂടിയാണ് നാട്ടുകാരുടെ അഭ്യർത്ഥന. കിണറുകളിൽ പാൽ രുചി വന്നതോടെയാണ് ഇവിടെനിന്ന് പ്ലാന്‍റ് മാറ്റിയത്.

 

കെട്ടിടവും മൂന്നര ഏക്കറിൽ അധികം സ്ഥലവുമാണ് വെറുതെ കിടക്കുന്നത്. മിൽമ തിരുവനന്തപുരം റീജന്‍റെ നേതൃത്വത്തിൽ 1980 ലാണ് പത്തനംതിട്ടയിൽ മിൽമ ചില്ലിങ് പ്ലാന്‍റ് സ്ഥാപിച്ചത്. പാൽ സംഭരണ കേന്ദ്രങ്ങളിൽ നിന്ന് ഇവിടെ എത്തിക്കുന്ന പാൽ ശീതീകരിച്ച ടാങ്കറുകളിൽ ഡയറികളിലേക്ക് മാറ്റി പാസ്ചറൈസേഷൻ നടത്തുന്നതായിരുന്നു രീതി. 2022ൽ കവറുകളിൽ പാൽ നിറയ്ക്കുന്ന സംവിധാനവും തുടങ്ങി. കിണറുകളിൽ പാൽ രുചി എന്ന നാട്ടുകാരുടെ പരാതി വന്നതോടെ മാമൂട്ടിൽ പത്തേക്കർ ഭൂമിയിൽ 2009 ൽ പുതിയ പ്ലാന്‍റിലേക്ക് പ്രവർത്തനങ്ങൾ മാറ്റി. കഴിഞ്ഞ 17 വർഷമായി കെട്ടിടം വെറുതെ കിടക്കുന്നു. 

 

സാമൂഹിക വിരുദ്ധരുടെ  ആഘോഷകേന്ദ്രമായിരുന്നു ഇവിടം. തൊട്ടുപിന്നിലെ ഔദ്യോഗിക വസതിയിൽ കളക്ടർ താമസം തുടങ്ങിയതോടെ സാമൂഹികവിരുദ്ധന്മാരുടെ ഉപദ്രവം ഇല്ലാതായി.  പക്ഷെ മാലിന്യം തള്ളാനുള്ള ഇടമായി. നഗരസഭ ഔദ്യോഗികമായി മാലിന്യങ്ങൾ തള്ളാനുള്ള നീക്കം നടത്തിയെങ്കിലും പുതിയ ഭരണസമിതി പിൻവലിച്ചു. സർക്കാർ ഇടപെട്ട് കെട്ടിടവും സ്ഥലവും ഫലപ്രദമായി ഉപയോഗിക്കണം എന്നാണ്  നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം 

ENGLISH SUMMARY:

The abandoned Milma plant in Pattanamthitta, closed for 17 years, is a growing concern for locals due to its overgrown three-and-a-half acres and potential for misuse.