കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കാലിലെ മുറിവിനുള്ളിൽ സൂചി കുടുങ്ങിയതായി രോഗിയുടെ പരാതി. പത്തനംതിട്ട കടമ്പനാട് മണ്ണാലി സ്നേഹാലയത്തിൽ സബിൻ ആണ് രണ്ട് മാസം മുന്‍പ് നടന്ന ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ച സൂചി മുറിവിനുള്ളിൽ അവശേഷിച്ചുവെന്ന് ആരോപിക്കുന്നത്. സംഭവത്തിൽ ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് പരാതി നൽകുമെന്ന് സബിൻ അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ 11-നാണ് വാഹനാപകടത്തിൽ പരിക്കേറ്റ സബിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. വലത് കണങ്കാലിൽ ആഴത്തിലുള്ള മുറിവേറ്റതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ. തുടർന്ന് മുറിവിന്റെ ഡ്രസിങ് അടൂർ ജനറൽ ആശുപത്രിയിൽ നടത്തണമെന്ന നിർദേശവും മെഡിക്കൽ കോളജിലെ ഡോക്ടർമാർ നൽകിയിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം തുടർച്ചയായി മുറിവിൽ വേദന അനുഭവപ്പെട്ടിരുന്നുവെന്ന് സബിൻ പറയുന്നു. മുറിവിൽ ഉയർന്നുനിന്ന ഭാഗം ശസ്ത്രക്രിയയിലെ തുന്നലിന്റെ ഭാഗമാണെന്നാണ് കരുതിയിരുന്നത്. ഈ മാസം 10-ന് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയ്ക്കിടെയും ഡോക്ടർമാർ സമാന വിശദീകരണമാണ് നൽകിയതെന്ന് സബിൻ ആരോപിച്ചു.
എന്നാൽ വേദന അസഹനീയമായതോടെ കഴിഞ്ഞ ദിവസം അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മുറിവിനുള്ളിൽ എന്തോ വസ്തു ഉണ്ടെന്ന സംശയത്തെ തുടർന്ന് എക്‌സ്-റേ എടുക്കാൻ ഡോക്ടർ നിർദേശിച്ചു. എക്‌സ്-റേ എടുത്തെങ്കിലും ഡോക്ടറെ കാണാൻ കഴിയാതെ വീട്ടിലേയ്ക്ക് മടങ്ങിയ സബിൻ, പിന്നീട് മുറിവിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സൂചിയുടെ നീലനിറത്തിലുള്ള ഭാഗം പുറത്തേയ്ക്ക് തെളിഞ്ഞുകണ്ടത്. തുടർന്ന് സൂചി സ്വയം വലിച്ചെടുത്തുവെന്നാണ് സബിന്റെ വെളിപ്പെടുത്തൽ.
കാലിലെ വേദന വർധിച്ചതോടെ ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് സബിൻ പറഞ്ഞു. ഇന്ന് അടൂർ ജനറൽ ആശുപത്രിയിൽ തുടർ ചികിത്സ തേടുമെന്നും, സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് ഔദ്യോഗിക പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.