പാലക്കാട് മലമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പെട്ട 55കാരന്‍ കൊല്ലപ്പെട്ടു. അകമലവാരം വെള്ളെഴുത്താംപൊറ്റ ഉന്നതിക്ക് സമീപം, എ. ചന്ദ്രന്‍ ആണ് മരിച്ചത്. വീടിന് പുറത്തെ മരച്ചുവട്ടില്‍ ബന്ധുക്കള്‍ക്ക് ഒപ്പം രാത്രി ഉറങ്ങുന്നതിനിടെ ആണ് ചന്ദ്രന്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.അകമലവാരത്തെ സഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ചന്ദ്രന്‍. കടുത്ത ചൂട് കാരണം ചന്ദ്രനും ബന്ധുവായ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരും വീടിന് പുറത്തെ പുളിമരച്ചുവട്ടിലാണ് രാത്രി കിടന്നത്. പുലര്‍ച്ചെ മൂന്നരയോടെ ആണ് കാട്ടാന ആക്രമണം ഉണ്ടാകുന്നത്. സമീപത്തെ വനമേഖലയില്‍ നിന്ന് ഇറങ്ങിയ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ചന്ദ്രന്‍ തല്‍ക്ഷണം മരിച്ചു. മറ്റുള്ള രണ്ട് പേര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.വനമേഖലയോട് ചേര്‍ന്ന് വെള്ളെഴുത്താംപൊറ്റ ഭാഗത്ത് ഫെന്‍സിങ് ഉണ്ടെങ്കിലും അതും തകര്‍ത്ത് ആനകള്‍ ജനവാസ മേഖലയില്‍ എത്തുന്നത് പതിവാണ്.
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ അറ്റന്‍ഡറാണ് ചന്ദ്രന്‍. നഷ്ടപരിഹാരമായ അഞ്ച് ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് ഒലവക്കോട് റെയിഞ്ച് ഓഫിസര്‍ അറിയിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.