TOPICS COVERED

ശബരിമല തീർഥാടനത്തിലെ പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് എരുമേലി പേട്ടതുള്ളൽ. അയ്യപ്പൻ മഹിഷിയെ നിഗ്രഹിക്കാനൊരുങ്ങിയുള്ള പുറപ്പാടിനെ അനുസ്മരിച്ചാണു പേട്ടകെട്ടൽ. മഹിഷിയെ നിഗ്രഹിച്ചതിന്‍റെ വിജയഘോഷയാത്രയാണ് പേട്ടതുള്ളല്‍.

ഭക്തർ ശരീരത്തിലാകെ നിറങ്ങൾ പൂശി കിരീടവും മറ്റും ധരിച്ച് ‘അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം...’ എന്ന വായ്ത്താരികളുമായാണു പേട്ടതുള്ളൽ. മഹിഷീ നിഗ്രഹത്തിന് അയ്യപ്പനു കൂട്ടായി വാവരും ഉണ്ടായിരുന്നു എന്നാണു വിശ്വാസം. അതുകൊണ്ടാണ് എരുമേലിയിലെ വാവർ പള്ളിയിൽ ദർശനം നടത്തിയ ശേഷം ഭക്തർ  പേട്ടകെട്ടുന്നത്.

വാവർ സ്വാമിയുടെ അനുഗ്രഹം തേടി വരുന്ന അയ്യപ്പ ഭക്തർക്ക് മുന്നിൽ  നൈനാർ മസ്ജിദിന്റെ വാതിലുകൾ തുറന്നു കിടക്കും. ആചാര അനുഷ്ഠാനങ്ങൾ പാലിച്ച് കൊച്ചമ്പലത്തിൽ നിന്ന് പേട്ട കെട്ടി ഇറങ്ങുന്ന ഭക്തർ ശരണം വിളികളോടെ ആദ്യം എത്തുന്നത് വാവര് സ്വാമിയെ ദർശിക്കാൻ വാവരു നടയിലേക്കാണ്. നൈനാർ പള്ളിക്ക് വലം വച്ച് എത്തുന്ന ഭക്തർക്ക് പള്ളിയിൽ നിന്ന് ഭസ്മവും നേർച്ച സാധനങ്ങളും നൽകിയാണ് യാത്രയാക്കുന്നത്. ഇവിടെ നിന്നാണ് വലിയമ്പലത്തിലേക്കു പേട്ടതുള്ളി ഭക്തർ എത്തുന്നത്. മത സാഹോദര്യത്തിന് മാതൃകയായ നാടിന് എരുമേലിയെന്ന പേര് വീണതിലും  െഎതീഹ്യമുണ്ട്. മഹിഷിയെ നിഗ്രഹിച്ച സ്ഥലം എന്ന അർഥത്തിൽ എരുമകൊല്ലി ആണു പിന്നീട് എരുമേലി ആയതെന്നാണ് പറയുന്നത്. 

ENGLISH SUMMARY:

Erumeli Pettathullal is a significant ritual in the Sabarimala pilgrimage, commemorating Lord Ayyappan's victory over the demon Mahishi. This vibrant procession showcases religious harmony, with devotees visiting both the Nainar Masjid and the Ayyappan temple.