അയല്‍ക്കാരന്‍ വ്യാജപരാതികള്‍ നല്‍കി തടസമുണ്ടാക്കുന്നതിനാല്‍ പെട്രോള്‍ പമ്പ് പദ്ധതി ഉപേക്ഷിക്കുന്നു എന്ന് ബാനര്‍ കെട്ടി പ്രവാസി. പത്തനംതിട്ട കൂടലിലാണ് പമ്പുമായി ബന്ധപ്പെട്ട തര്‍ക്കം. അഞ്ച് കോടിയിലധികമാണ് നഷ്ടം എന്ന് യുവാവ് പറയുന്നു.
കോടികള്‍ മുടക്കി തുടങ്ങാനിരുന്ന സംരംഭം അയല്‍വാസി വ്യാജ പരാതി നല്‍കി മുടക്കുന്നു. വനംവകുപ്പ് മുന്‍ ഉദ്യോഗസ്ഥനാണ് അയല്‍ക്കാരന്‍. പണമോ മൂന്ന് സെന്‍റ് സ്ഥലമോ ചോദിച്ചെന്നാണ് സംരംഭകനായ ബിജു ജോണ്‍ പറയുന്നു. ഇത് കൊടുക്കാതെ വന്നതോടെ നിരന്തരം പരാതി നല്‍കി. ജില്ലാ ഭരണകൂടത്തിന്‍റെ എന്‍ഒസി അടക്കം കിട്ടിയിട്ടും പരാതി നല്‍കി ബുദ്ധിമുട്ടിക്കുകയാണ് എന്നും ബിജു പറയുന്നു.
അഞ്ച് കോടിയോളം ചെലവിട്ടു. 80 ശതമാനം പണികള്‍ പൂര്‍ത്തിയായി. ആറു മാസമായി തടസങ്ങളാണെന്നും ബിജു ജോണ്‍ പറയുന്നു. അതേസമയം പണം ചോദിച്ചു എന്നത് തെറ്റാണെന്ന് അയല്‍ക്കാരന്‍ ജെയിംസ് മാത്യു പറഞ്ഞു. തന്‍റെ വീടും പമ്പും തമ്മിലുള്ള അകലം നിയമപ്രകാരമല്ല, പമ്പിനെതിരെ ഹൈക്കോടതിയില്‍ കേസുണ്ട്. സത്യാവസ്ഥ കോടതിയെ ബോധിപ്പിക്കും എന്നാണ് അയല്‍ക്കാരന്‍റെ വിശദീകരണം.