പത്തനംതിട്ട ചിറ്റാര്‍ ഊരാമ്പാറയില്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങി. 20 ലക്ഷത്തിന്‍റെ സൗരോര്‍ജവേലിയും തകര്‍ത്താണ് കാട്ടാനകള്‍ ഇറങ്ങിയത്.കൂട്ടത്തില്‍ ഒരു കുട്ടിയാനയും ഉണ്ടെന്ന് സംശയിക്കുന്നു.
ഒരു വര്‍ഷം മുമ്പ് നാടിന്‍റെ ആനന്ദവും അതേസമയം പേടിയുമായിരുന്നു രണ്ടു കാട്ടുകൊമ്പന്‍മാരുടെ വരവ്. ആദ്യം ആന വന്നപ്പോള്‍ നാട്ടുകാര്‍ കുട്ടിശങ്കരനെന്നും ചില്ലിക്കൊമ്പന്‍ എന്നും ഓമനപ്പേര് നല്‍കി.പിന്നെയാണ് വ്യാപകമായി കൃഷി നശിപ്പിച്ചു ശല്യമായത്.ആനകളെ കാണാനും ആള് കൂടി.ഇതോടെ നിരന്തര പരിശ്രമത്തിന് ഒടുവിലാണ് വനപാലകര്‍ ആനകളെ വനത്തിലേക്ക് തുരത്തിയത്.കഴിഞ്ഞ രാത്രിമുതല്‍ വീണ്ടും ആനകള്‍ ഇറങ്ങി.അള്ളുങ്കല്‍ ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണി നീന്തിക്കടന്നാണ് വരവ്.കഴിഞ്ഞ ദിവസം കക്കാട്ടാറിന്‍റെ തീരത്തെ സൗരോര്‍ജ വേലി തകര്‍ത്ത് നാട്ടിലിറങ്ങി.പേഴുംകാട്ടില്‍ മധുസൂദനന്‍റെ അര ഏക്കറിലെ വാഴക്കൃഷി ചവിട്ടിയരച്ചു. 120 മൂട് വാഴയും 150മൂട് ചീനിയും നശിപ്പിച്ചു.സൗരോര്‍ജവേലി ചവിട്ടിത്താഴ്ത്തി
രാത്രി മുഴുവന്‍ വിളയാടി രാവിലെയാണ് മടക്കം.ഒപ്പം ചെറിയ ആനയും കൂടെ ഉണ്ടെന്ന് സംശയിക്കുന്നു.കാല്‍പ്പാടുകള്‍ കണ്ടാണ് നാട്ടുകാര്‍ സംശയം പറയുന്നത്.ചിറ്റാര്‍ – സീതത്തോട് റോഡ് മുറിച്ചുകടന്ന് വീണ്ടും കൈതത്തോട്ടത്തിലേക്ക് കടക്കുമെന്നും ഭയക്കുന്നു. 20 ലക്ഷം ചെലവിട്ട് നിര്‍മിച്ച സൗരോര്‍ജ വേലികളാണ് ആനതകര്‍ത്തത്