പത്തനംതിട്ട കോന്നിയിൽ അംഗൻവാടിക്ക് സമീപം ചരിഞ്ഞുവീഴാറായ വൈദ്യുതി പോസ്റ്റ് ആഴ്ചകളായി കയർകെട്ടി നിർത്തി കെഎസ്ഇബി.  മെയ് മാസം അവസാനം ചെരിഞ്ഞ പോസ്റ്റാണ് ഇപ്പോഴും ഇതേ നിലയിൽ തുടരുന്നത്. കോന്നി പഞ്ചായത്ത് പതിനെട്ടാം വാർഡ് കോന്നി ചിറ്റൂർമുക്ക്  കോട്ടപ്പാറ റോഡിലാണ് വീഴാറായ പോസ്റ്റ്.

തൊട്ടടുത്ത് അംഗൻവാടിയും ഒട്ടേറെ വീടുകളുമുണ്ട്. ഒട്ടേറെ ആൾക്കാർ കടന്നുപോകുന്ന വഴി. കഴിഞ്ഞ മെയ് 29നാണ് കാറ്റിലും മഴയിലും പോസ്റ്റ് ചരിഞ്ഞത്. നാലുദിവസത്തോളം കറണ്ടില്ലായിരുന്നു. പലവട്ടം പരാതിപ്പെട്ട ശേഷമാണ്  ദിവസങ്ങൾക്കുശേഷം കയറിട്ട് സമീപത്തെ വീട്ടുമുറ്റത്തെ തെങ്ങിലേക്ക് കെട്ടിയത്. 

കാറ്റും മഴയും കനക്കുന്നതോടെ ഭീതിയിലാണ് നാട്ടുകാർ. അംഗൻവാടിയിലേക്ക് കുട്ടികളെ വിടാൻ വീട്ടുകാർക്ക് ഭയമാണ്. പലവട്ടം അറിയിച്ചിട്ടും കോന്നി കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചില്ല. പഞ്ചായത്തും ഫലപ്രദമായി ഇടപെട്ടില്ലെന്നു നാട്ടുകാർ പരാതി പറഞ്ഞു

ENGLISH SUMMARY:

In Konni, Pathanamthitta, an electricity post that nearly collapsed near an anganwadi has been precariously tied with a rope by the KSEB for weeks. The post, which tilted at the end of May, still remains in the same unsafe condition. The incident occurred at Chitturmukku Kottappara Road in Ward 18 of the Konni panchayat.