തിരുവല്ലയിൽ വീട്ടുവളപ്പിലെ കിണറ്റിൽ വിഷവാതകത്തിന്റേതിന് സമാനമായ രൂക്ഷഗന്ധം. തിരുവല്ല നിരണം സ്വദേശി കെ തമ്പിയുടെ വീട്ടിലെ കിണറ്റിലാണ് രണ്ടുദിവസമായി ഗന്ധം അനുഭവപ്പെടുന്നത്. ആരോഗ്യ പ്രവർത്തകരെത്തി വെള്ളത്തിൻറെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.
സ്ഥിരമായി ഉപയോഗിക്കുന്ന കിണർ വെള്ളത്തിന് ബുധനാഴ്ച വൈകിട്ട് മുതലാണ് ദുർഗന്ധം തുടങ്ങിയത്. നേരിയ നിറവ്യത്യാസവും ഉണ്ട്. തമ്പിയും കുടുംബാംഗങ്ങളും ചേർന്ന് കിണറിന്റെ പരിസരം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അയൽവീടുകളിലെ കിണറുകളും സാധാരണ നിലയിലാണ്. വിഷമുള്ള കീടനാശിനിയായ ഫ്യുറഡാനിന് സമാനമായ ഗന്ധമായതിനാൽ ആശങ്കയിലാണ് വീട്ടുകാർ.
ശക്തമായ കാറ്റടിക്കുമ്പോൾ കിണറിലെ രൂക്ഷഗന്ധം വീട്ടിലേക്കും വ്യാപിക്കുന്ന സ്ഥിതിയാണ്. അതേസമയം കിണറ്റിൽ ആരെങ്കിലും മനപ്പൂർവം വിഷം കലർത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്. കിണർ വെള്ളം ഉപയോഗിക്കാനാകാത്തതിനാൽ ബുദ്ധിമുട്ടിലാണ് വീട്ടുകാർ. കുളിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾക്കും അയൽ വീട്ടുകാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് തമ്പിയും കുടുംബവും.