ഇഴഞ്ഞുനീങ്ങുന്ന പാലംപണി കാരണം നരകയാത്രയിലാണ് നാട്ടുകാര്‍. പത്തംനംതിട്ട റാന്നി കോഴഞ്ചേരി പാതയിലെ പുതമണ്‍ പാലത്തിന്റെ പുനര്‍നിര്‍മാണമാണ് ഇഴയുന്നത്. ചെളിക്കുളമായ താല്‍ക്കാലിക പാലമാണ് നരകയാത്ര ഒരുക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് കാണിച്ച മണ്ടത്തരത്തിന്‍റെ ഫലമാണ് രണ്ടരവര്‍ഷമായി നാട്ടുകാര്‍ അനുഭവിക്കുന്നത്. 60 വര്‍ഷം പഴക്കമുള്ള പാലത്തോട് കൂട്ടിച്ചേര്‍ത്ത് പാലം പോലൊരു സാധനമുണ്ടാക്കി. ഭാരവാഹനം കയറി സംഭവം തകര്‍ന്നു. ഇതോടെ 12 കിലോമീറ്റര്‍ വട്ടംകറങ്ങിപ്പോകണം. അതിന് പരാതി പറഞ്ഞപ്പോഴാണ് 30ലക്ഷം ചെലവിട്ട് താല്‍ക്കാലിക പാലം നിര്‍മിച്ചത്. രണ്ട് മഴ പെയ്താല്‍ പാലമെന്നുപേരുള്ള താല്‍ക്കാലിക പാലം മുങ്ങും. ഇല്ലെങ്കില്‍ നിരങ്ങിനീങ്ങാന്‍ മാത്രം കഴിയുന്ന ചെളിക്കുളത്തിലൂടെ പോവാം. പലദിവസവും റോഡ് ബ്ലോക്കാണ്.
നൂറു മീറ്റര്‍ പാലത്തിന്‍റെ പണി തീര്‍ക്കാന്‍ രണ്ടുമൂന്നും പണിക്കാര്‍ നിന്ന് വര്‍ഷങ്ങളായി കഷ്ടപ്പെടുന്നു എന്നാണ് നാട്ടുകാരുടെ പരിഹാസം.ഇതിനൊപ്പം പണിതുടങ്ങിയ സീതത്തോട് പാലം നൂറ് ദിവസം കൊണ്ട് തീര്‍ന്നു. 2.61 കോടി ചെലവിട്ടാണ് പുതിയപാലത്തിന്‍റെ നിര്‍മാണം.തൂണുകള്‍ പൂര്‍ത്തിയായി.ഇനിയുള്ള പണികള്‍ക്കായുള്ള തെങ്ങിന്‍തടികള്‍ എത്തിച്ചു.ഓണത്തിനു മുന്‍പ് തീര്‍ക്കും എന്നാണ് പുതിയ വാഗ്ദാനം