TOPICS COVERED

പത്തനംതിട്ടയില്‍ ഇപ്പോള്‍ മീന്‍വല വില്‍പനയുടെ ചാകരക്കാലമാണ്. മീന്‍പിടിക്കാനല്ല റമ്പൂട്ടാന്‍ മരങ്ങളെ പൊതിയാനാണ് വല. മരങ്ങള്‍ ഒരുമിച്ച് വാങ്ങുന്ന കച്ചവടക്കാരാണ് മലപ്പുറത്ത് നിന്ന് വലയെത്തിച്ച് റമ്പൂട്ടാന്‍ മരങ്ങളെ പുതപ്പിക്കുന്നത്. വലയിടുന്നത് വലിയ അധ്വാനമുള്ള പണിയാണ്.

ജൂണെത്തിയതോടെ പത്തനംതിട്ടയിലെ റമ്പൂട്ടാന്‍ മരങ്ങളൊക്കെ ചുവന്നവലപുതച്ചാണ് നില്‍പ്. വലയിട്ടില്ലെങ്കില്‍ എല്ലാം വവ്വാലും, അണ്ണാനും കൊണ്ടുപോകും. മരത്തിന് വില പറഞ്ഞ് വാങ്ങുന്ന മൊത്തക്കച്ചവടക്കാരന്‍ മലപ്പുറത്ത് നിന്നാണ് വലവരുത്തുന്നത്. മീന്‍ പിടിത്തത്തിന് ഉപയോഗിച്ച് കഴിയുന്ന വലയാണ് വാങ്ങുന്നത്. കിലോയ്ക്ക്120 രൂപ.ഒരു മരത്തിന് ഇരുപത് കിലോയോളം വല വേണ്ടി വരും.ഏകദേശം രണ്ടായിരം രൂപ.ഈ വല നിവര്‍ത്തി വലിച്ച് മരത്തിന് മുകളില്‍ എത്തിക്കണം.വഴങ്ങാത്ത ഇലകള്‍ക്കിടയിലൂടെ വലിയ മുളങ്കമ്പുകള്‍കൊണ്ട് കുത്തി ഉയര്‍ത്തി മണിക്കൂറുകള്‍ എടുത്തു വേണം ഒരു മരത്തെ പൊതിഞ്ഞെടുക്കാന്‍

വിദഗ്ധ ജോലിക്കാര്‍ക്ക് കൂലിയും കൂടുതലാണ്.ഈ വലയ്ക്കുള്ളിലേക്കാണ് പഴുത്ത റമ്പൂട്ടാന്‍ കായ്കള്‍ പറിച്ചിടുന്നത്.മരത്തില്‍ നിന്ന് പഴുത്തില്ലെങ്കില്‍ കായകള്‍ പാഴാണ്.പഴുക്കും വരെ സംരക്ഷിക്കാനാണ് വല.വലയുടെ വില,ഇടാനുള്ള ചെലവ്,പറിക്കുന്നവരുടെ കൂലി.ഇതെല്ലാംകൂടി ചേരുമ്പോഴാണ് റമ്പൂട്ടാന്‍റെ വിലയേറുന്നത്. കൂട്ടിത്തയ്ച്ച് എടുക്കുന്ന വല ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഒരു റമ്പൂട്ടാന്‍ സീസണ്‍ കഴിഞ്ഞാല്‍ വല താനൂരില്‍ത്തെ വില്‍ക്കും. കിലോയ്ക്ക് 70 രൂപ വരെ വലയുടെ വില തിരികെക്കിട്ടും.

ENGLISH SUMMARY:

It’s the season of net sales in Pathanamthitta — not for fishing, but to cover rambutan trees. Traders from Malappuram are purchasing entire trees and using fishing nets to wrap them. The netting process is labor-intensive and highlights a unique seasonal trade shift.