അടൂർ മിത്രപുരത്ത് കണ്ണുകാണാൻ പറ്റാത്ത അച്ഛനും മകനും അടങ്ങുന്ന കുടുംബം ജീവിക്കുന്ന വീട് മണ്ണെടുപ്പിനെ തുടർന്ന് അപകട ഭീഷണിയിൽ. ശക്തമായ മഴയിൽ ഇവിടെ കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായി. ഒരു ഭാഗത്തെ മണ്ണ് മുഴുവൻ മാറിയതോടെ കിണറ്റിലെ വെള്ളവും വറ്റി.

മിത്രപുരം പ്ലാവേലിൽ ശീലാസിന്റെ വീടിനാണു ഭീഷണി.  വീടു നിൽക്കുന്ന സ്ഥലത്തിനു സമീപത്തെ വസ്തുവിലെ മണ്ണെടുത്തതിനെ തുടർന്നാണ് സ്ഥലം ഇടിയുമോ എന്ന ഭീതി തുടങ്ങിയത്. . വസ്തുവിന്റെ അതിർത്തിയോടു ചേർന്നു വരെ മണ്ണെടുത്തു. മണ്ണെടുക്കുന്നതിന് മുകളിൽ ഉണ്ടാക്കിയിരുന്ന താൽക്കാലിക ഷീറ്റും തകർന്നുവീണു.ശീലാസും ഇളയമകൻ സാജനും തൊഴിലുറപ്പു തൊഴിലാളിയായ അമ്മ മേരിക്കുട്ടിയുമാണ് വീട്ടിലുള്ളത്. മേരിക്കുട്ടി തൊഴിലുറപ്പിന്റെ ജോലിക്കു പോയാൽ പിന്നെ കണ്ണുകാണാൻ പറ്റാത്ത ശീലാസും മകനും മാത്രമാണ് വീട്ടിലുള്ളത്.   സ്ഥലത്തിൻറെ ഒരുവശത്ത് 10 വർഷം മുൻപ് മണ്ണെടുത്ത് താഴ്ത്തിയ റബ്ബർ തോട്ടമാണ്.  . പിൻവശം കൂടി ഇങ്ങനെ ആയതോടെ കുടുംബത്തിന് ആകെ ഭയമായി.

കനത്ത മഴയുടെ സാഹചര്യത്തിൽ  വീടു തന്നെ അപകടത്തിലാകുന്ന സ്ഥിതിയെന്നാണ് മേരിക്കുട്ടി പറയുന്നത്. റവന്യു അധികൃതരും ദുരന്തനിവാരണ അതോറിറ്റിയും ഇടപെട്ട് പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

The house is in danger due to soil erosion