കുട്ടികളിലെ ടൈപ്പ്-1 പ്രമേഹ രോഗികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘മിഠായി പദ്ധതി' പ്രതിസന്ധിയിലാണെന്ന പരാതി ശക്തം. കൊല്ലം വിക്ടോറിയ ആശുപത്രിയിൽ ഇൻസുലിൻ, ഗ്ലൂക്കോസ് പരിശോധനാ സ്ട്രിപ്പുകൾ ഉൾപ്പെടെയുള്ള അവശ്യ സാമഗ്രികൾ കഴിഞ്ഞ മൂന്ന് മാസമായി ലഭ്യമല്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇതോടെ ചികിത്സയ്ക്കും മരുന്നുകൾക്കുമായി സ്വകാര്യ ആശുപത്രികളെയും മെഡിക്കൽ സ്റ്റോറുകളെയും ആശ്രയിക്കേണ്ട സാഹചര്യമാണെന്ന് അവർ പറയുന്നു.
18 വയസ്സ് വരെയുള്ള ടൈപ്പ്-1 പ്രമേഹ ബാധിതരായ കുട്ടികൾക്കും കൗമാരക്കാർക്കും സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ‘മിഠായി’. പദ്ധതിയുടെ ഭാഗമായി ഇൻസുലിൻ, ഇൻസുലിൻ പേന, ഗ്ലൂക്കോമീറ്റർ, പരിശോധനാ സ്ട്രിപ്പുകൾ എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നു. മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാക്കുന്നത്.
സംസ്ഥാനത്ത് ടൈപ്പ്-1 പ്രമേഹ രോഗികളുടെ എണ്ണം കൂടുതലുള്ള ജില്ലകളിൽ രണ്ടാമതാണ് കൊല്ലം. എന്നിരുന്നാലും ജില്ലയിലെ പ്രധാന ചികിത്സാ കേന്ദ്രങ്ങളിലൊന്നായ വിക്ടോറിയ ആശുപത്രിയിൽ മരുന്നുകളുടെ ലഭ്യത നിലച്ചത് രോഗികളെയും കുടുംബങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
അതേസമയം, നിലവിൽ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മിഠായി പദ്ധതി ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്. എന്നാൽ പദ്ധതിയുടെ നടത്തിപ്പിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ അധികൃതർ നടപടിയെടുത്തിട്ടില്ലെന്നുമാണ് രക്ഷിതാക്കളുടെ വിമർശനം.