കൊല്ലം കുന്നത്തൂര്‍ മണ്ഡലത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ തന്നെയാകുമോ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആലോചനകള്‍ സിപിഎമ്മില്‍ മുറുകുമ്പോഴും ആറാമങ്കത്തിനു ഒരുങ്ങികഴിഞ്ഞു കോവൂര്‍. യുഡിഎഫില്‍ ഉല്ലാസ് കോവൂര്‍ തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ഥി.
ആര്‍.എസ്.പി സ്ഥാനാര്‍ഥിയായിട്ടായിരുന്നു ആദ്യജയം. ആര്‍.എസ്.പി യുഡിഎഫിന്‍റെ ഭാഗമായപ്പോള്‍ കോവൂര്‍ എല്‍ഡിഎഫിനൊപ്പം നിന്നു. പിന്നീടങ്ങോട്ട് കോവൂര്‍ കുഞ്ഞുമോനെ മാറ്റി പകരമൊരു സ്ഥാനാര്‍ഥിയെ പരീക്ഷിക്കാനുള്ള ധൈര്യം സിപിഎമ്മിനുണ്ടായില്ല. കുഞ്ഞുമോന്‍റെ വ്യക്തിപരമായ വോട്ടും കൂടി ചേര്‍ന്നിട്ടാണ് വിജയമെന്നത് സിപിഎമ്മിനു നന്നായറിയാം. ഇത്തവണയും മറ്റു പേരുകളൊക്കെ ആലോചിച്ചാലും തന്നിലേക്ക് തന്നെ എല്‍ഡിഎഫ് എത്തുമെന്നുള്ള കോവൂരിന്‍റെ ആത്മവിശ്വാസത്തിന്‍റെ കാരണവും മറ്റൊന്നല്ല.
2016 ല്‍ ഭൂരിപക്ഷം 20,529 വോട്ടായിരുന്നെങ്കില്‍ 2021 ല്‍ അത് 2790 ആയി കുറഞ്ഞു. ഇത്തവണ തദ്ദേശത്തിന്‍റെ കണക്കെടുത്താല്‍ 594 വോട്ടിന്‍റെ ഭൂരിപക്ഷം യുഡിഎഫിനാണ്. യുഡിഎഫില്‍ കുന്നത്തൂര്‍ സീറ്റ് ആര്‍.എസ്.പിക്കാണ്. ഉല്ലാസ് കോവൂര്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെന്നത് ഉറപ്പിച്ച് പ്രചാരണവും തുടങ്ങി.