ലക്ഷങ്ങള്‍ പൊടിച്ചെങ്കിലും കൊല്ലത്തെ അറവുശാല ഇനിയും തുറന്നില്ല. നവീകരണത്തിനും വികസനത്തിനുമായി ഒരു കോടിയിലേറെ രൂപ പൊടിച്ച അറവുശാലയാണ് അടഞ്ഞു തന്നെ കിടക്കുന്നത്. ഇതോടെ പ്രതിവര്‍ഷം 60 ലക്ഷത്തിലേറെ രൂപ ലേല വരവ് ഇനത്തില്‍ ലഭിക്കേണ്ട തുകയും കോര്‍പറേഷനു നഷ്ടമായി.
ആഘോഷമായിട്ടായിരുന്നു ഉദ്ഘാടനം. ഇതു കഴിഞ്ഞു കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തനം നിലച്ചതാണ്. പിന്നെയീ കിടപ്പ് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലു കഴിഞ്ഞു. എന്നു തുറക്കുമെന്നു ചോദിച്ചാല്‍ കോര്‍പറേഷന്‍ കൈമലര്‍ത്തും. രക്തവും അവശിഷ്ടങ്ങളും അഷ്ടമുടിക്കായലിലേക്ക് ഒലിച്ചിറങ്ങുന്നുവെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താഴുവീണത്. 84 വലിയ മൃഗങ്ങളേയും 120 ചെറിയ മൃഗങ്ങളേയും കശാപ്പ് ചെയ്യാനുള്ള സൗകര്യമെന്നായിരുന്നു വാഗ്ദാനം. പകുതിയെത്തിയപ്പോള്‍ തന്നെ പ്രവര്‍ത്തനം നിലച്ചു.
അറവുശാല പൂട്ടിയതോടെ കശാപ്പുചെയ്യുന്ന മൃഗങ്ങളുടെ പരിശോധനയും നടക്കുന്നില്ല. ആര്‍ക്കും എവിടെയും കശാപ്പ് നടത്താമെന്നതാണ് നഗരത്തിലെ സ്ഥിതി. മുന്‍ പരിചയമില്ലാത്ത കമ്പനിയെയാണ് നിര്‍മാണ ചുമതല ഏല്‍പ്പിച്ചതെന്ന ആക്ഷേപം വ്യാപകമാണ്. എന്നാല്‍ പദ്ധതി താറുമാറായിട്ടും കമ്പനിയെ കരിമ്പട്ടികയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല.