നാടകാചാര്യന് ഒ.മാധവന്റെ സ്മരണയില്‍ കൊല്ലത്തെ കാളിദാസ കലാകേന്ദ്രത്തില്‍ വീണ്ടും അരങ്ങ് ഉണര്‍ന്നു. അച്ഛന് എന്ന പേരില്‍ പുതിയൊരു നാടകം അരങ്ങില്‍ എത്തിച്ചാണ് ജന്മശതാബ്ദി ചടങ്ങുകള്‍ക്ക് തുടക്കമിടുന്നത്. ഒ.മാധവന്റെ പത്തൊന്‍പതാം ചരമവാര്‍ഷിക ചടങ്ങും ഇന്ന്കൊല്ലത്ത് നടക്കും.
കെപിഎസിയുടെ പടിയിറങ്ങി കൊല്ലത്ത് കാളിദാസ കലാകേന്ദ്രത്തിന് തുടക്കമിട്ട ഒ.മാധവന്റെ നാടകക്കളരിയാണിത്. പത്തൊന്‍പത് വര്‍ഷം മുന്‍പ് ഒ.മാധവന് മണ്മറയുന്നതുവരെ നാല്പത്തിയഞ്ചോളം നാടകങ്ങള്‍ സംവിധാനം ചെയ്തയിടം. അതേയിടത്ത് അച്ഛന് എന്ന പേരില്‍ അറുപത്തിയൊന്നാം നാടകം അരങ്ങിലെത്തിച്ചാണ് ഒ മാധവന്റെ സ്മരണ കാളിദാസ കലാകേന്ദ്രം പുതുക്കുന്നത്.
നാടകവും ഇടതുരാഷ്ട്രീയവും ഇഴചേര്‍ന്ന ജീവിതം. പതിനാറു വര്‍ഷം വടക്കേവിള പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പഞ്ചായത്ത് ഓഫിസും നാടകവുമായി അച്ഛന് ഓടിനടന്നതായി ഒ മാധവന്റെ മകന് നടനും എംഎല്‍എയുമായ എം മുകേഷ് ഓര്‍ക്കുന്നു. ജന്മശതാബ്ദിയോടനുബന്ധിച്ച് ഒരുവര്‍ഷം നീളുന്ന പരിപാടികളാണ് തയാറാക്കുന്നത്