ഉച്ചയ്ക്ക് ശേഷം വീശിയടിക്കുന്ന ശക്തമായ കാറ്റ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കൊല്ലത്ത് കുന്നത്തൂര്‍, കൊട്ടാരക്കര മേഖലങ്ങളില്‍ വാഴ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ജില്ലയില്‍ മരംവീണ് 52 വീടുകള്‍ ഭാഗീകമായി തകര്‍ന്നതായി റവന്യൂവകുപ്പ് അറിയിച്ചു.
കുന്നത്തൂര്‍ താലൂക്കിലെ തൊളിക്കല്‍ ഏലായിലെ കര്‍ഷകര്‍ക്കാണ് വ്യാപകനഷ്ടമുണ്ടായത്. ശാസ്താംകോട്ട, പോരുവഴി, കുന്നത്തൂര്‍ മേഖലകളിലായി ഓണത്തിന് വിളവെടുക്കാനിരുന്ന ആയിരത്തിലധികം ഏത്തവാഴകള്‍ കാറ്റില്‍ നിലംപൊത്തി. വെറ്റിലക്കൊടി, കപ്പ എന്നിവയും ഇല്ലാതായി. കഴിഞ്ഞവര്‍ഷവും പ്രദേശത്തെ ചിലയിടങ്ങളില്‍ മഴക്കെടുതിയില്‍ കര്‍ഷകര്‍ക്ക് നഷ്ടങ്ങളുണ്ടായെങ്കിലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ അന്‍പത്തിരണ്ടു വീടുകള്‍ ഭാഗീകമായി തകര്‍ന്നു. കൊട്ടാരക്കര താലൂക്കില്‍ മാത്രം 24 വീടുകള്‍ക്ക് കേടുപാടുണ്ടായതായി ജില്ലാഭരണകൂടം അറിയിച്ചു. മരംവീണ് വൈദ്യുതി മുടക്കവും പതിവാണ്. ജില്ലയുടെ കിഴക്കന്‍മേഖലയിലും കൊട്ടാരക്കരയിലുമാണ് ഇതിനോടകം ഉയര്‍ന്നതോതില്‍ മഴ ലഭിച്ചത്.