ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ശുചിമുറികൾ തേടി നെട്ടോട്ടമോടുമ്പോൾ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച കംഫർട്ട് സ്റ്റേഷൻ കാടു കയറി പാമ്പു വളർത്തൽ കേന്ദ്രമായി. മെഡിക്കൽ കോളജാശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിന് പടിഞ്ഞാറ് ഭാഗത്തായാണ് കംഫർട്ട് സ്റ്റേഷൻ ബ്ലോക്ക്. ഇതിന് സമീപം മാലിന്യ കൂമ്പാരവുമുണ്ട്.
5 വർഷം മുൻപാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി എട്ട് ശുചിമുറികൾ ഉൾപ്പെടുത്തി കംഫർട്ട് സ്റ്റേഷൻ ബ്ലോക്ക് നിർമിച്ചത്. ഏതാനും ദിവസം മാത്രമാണ് പ്രവർത്തിച്ചത് നടത്തിപ്പിന് ആരും കരാർ ഏറ്റെടുക്കാൻ തയ്യാറാകാതെ വന്നതോടെ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ഈ കെട്ടിടം കാഴ്ച വസ്തുവായി മാറി.
നിലവിൽ ജെ ബ്ലോക്കിന് കിഴക്കു ഭാഗത്ത് മാത്രമാണ് ഒരു പൊതു ശൗചാലയമുള്ളത്.ഇവിടെ വളരെയധികം തിരക്കുമാണ്. ഗൈനക്കോളജി വിഭാഗത്തിലും മോർച്ചറി ബ്ലോക്കിലും എത്തുന്നവർക്ക് പ്രാഥമികാവശ്യം നിറവേറ്റാൻ ഒരു സംവിധാനവുമില്ല. ഗൈനക്കോളജി വിഭാഗത്തിലെത്തുന്ന കൂട്ടിരിപ്പുകാരായ സ്ത്രീകളാണ് കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. കംഫർട്ട് സ്റ്റേഷൻ പരിസരം കാടു കയറി ഇപ്പോൾ വിഷപ്പാമ്പുകളുടെ താവളമായി. മാറിയിരിക്കുകയാണ്. മാലിന്യങ്ങളും കൂമ്പാരമായി. കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിപ്പിക്കാൻ എംഎൽഎ അടക്കമുള്ളവർ ഇടപെടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.