ആലപ്പുഴ മണ്ണഞ്ചേരിയിൽ രോഗദുരിതങ്ങളിൽ ജീവിതം വഴിമുട്ടി അമ്മയും മകനും . മണ്ണഞ്ചേരി 17-ാം വാർഡ് വിനോദ് വില്ലയിൽ മോളിയും മകൻ ആന്റണിയുമാണ് ദുരിതത്തിൽ കഴിയുന്നത്. മോളി കാൻസർ ചികിൽസയിലാണ്. മകൻ ആന്റണിയുടെ രണ്ട് വൃക്കകളും തകരാറിലാണ്.കാൻസർ രോഗിയായ മോളിയ്ക്കും  വൃക്ക കൾ തകരാറിലായ മകൻ ആൻ്റണിക്കും സഹായത്തിന് ആരുമില്ല. ആൻ്റണി ഓട്ടോ ഡ്രൈവറായിരുന്നു. പ്രമേഹത്തിന് മരുന്ന് കഴിച്ചിരുന്ന  ആൻ്റണി  കാലിൽ നീരു കണ്ടാണ് ഡോക്ടറെ സമീപിച്ചത്.

പരിശോധനയിൽ രണ്ടു വൃക്കകളും തകരാറിലാന്നെന്ന് കണ്ടെത്തി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ  ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് നടത്തണം. ഡയാലിസിസിന് പോകുമ്പോൾ  ഒരാളെ സഹായിയായി കൊണ്ടുപോകും. മരുന്നുകൾ ചിലപ്പോൾ പുറത്ത് നിന്ന് വാങ്ങി നൽകേണ്ടിവരും. കടം വാങ്ങിയാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്

മോളിക്ക് ചികിൽസ തൃശൂരിലെ ആശുപത്രിയിലാണ്. 6 മാസത്തിലൊരിക്കൽ അവിടെ പരിശോധനയ്ക്ക് പോകണം. നേരത്തെ തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന മോളിക്ക് രോഗത്തെ തുടർന്ന് ജോലി ചെയ്യാനാവുന്നില്ല

തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ നിന്നുള്ള പെൻഷനും മണ്ണഞ്ചേരി പള്ളിയിൽ നിന്ന് മാസം തോറും ലഭിക്കുന്ന 1500 രൂപയുമാണ് ആകെയുള്ള വരുമാനം. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് ഉദാരമതികളുടെ സഹായം ആവശ്യമാണ്.

ENGLISH SUMMARY:

Alappuzha Mannanachery mother and son are facing severe hardships due to their chronic illnesses. Both are in dire need of financial assistance to cover their ongoing medical treatments and daily living expenses.