കായംകുളം നഗരസഭാ മാലിന്യ സംസ്‌കരണ പദ്ധതിയിൽ കരാര്‍ കമ്പനിയുടെ സമ്മര്‍ദ്ദത്തിന്  വഴങ്ങാതിരുന്ന നഗരസഭ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ സ്ഥലം മാറ്റിയത് വിവാദത്തിൽ. മാലിന്യ സംസ്‌കരണ പ്ലാന്‍റിന്‍റെ അവസാന ഗഡു തുക നല്‍കുന്നതിലെ തര്‍ക്കമാണ് സ്ഥലംമാറ്റത്തിന്കാരണമായത്. എന്‍ജിനീയര്‍ സിനിയെ കോഴിക്കോട്ടേയ്ക്കാണ് മാറ്റിയത്.

മാലിന്യ സംസ്‌കരണ പ്ലാന്‍റ് പ്രവര്‍ത്തിപ്പിച്ച് കാണിക്കാതെ പണം നല്‍കാനാവില്ലെന്നായിരുന്നു എന്‍ജിനീയറുടെ നിലപാട്. മൂന്ന് മാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ പദ്ധതിയുടെ പണം ലഭിക്കാൻ കരാര്‍ കമ്പനി ഭരണ കേന്ദ്രങ്ങളിൽ കനത്ത സമ്മര്‍ദം ചെലുത്തി. പണം നൽകാൻ തിരുവനന്തപുരത്ത് നിന്ന് നിർദ്ദേശം എത്തിയെങ്കിലും പ്ലാന്‍റ് പ്രവർത്തിപ്പിക്കാത്തതിനാൽ എന്‍ജിനീയര്‍ പണം നൽകിയില്ല. മുരുക്കുംമൂട്ടിലെ നാലര ഏക്കർ സ്ഥലത്ത് മൂന്നര കോടി രൂപ ചെലവിലാണ് ആധുനിക ജൈവ മാലിന്യ സംസ്‌കരണപ്ലാന്‍റ് സ്ഥാപിച്ചത്. മന്ത്രി എം.ബി. രാജേഷായിരുന്നു ഉദ്ഘാടകന്‍. 

നഗരത്തിലെ ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ഒരുക്കിയ പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാൻ  കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. ദിവസേന ആറ് ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കുമെന്നായിരുന്നു പ്രഖ്യാപനം. കേരളത്തിലെ ആദ്യ യന്ത്രവൽകൃത മാലിന്യ സംസ്‌കരണ പ്ലാന്‍റ് എന്ന കൊട്ടിഘോഷിച്ച പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസമായിട്ടും തുടങ്ങാനാകാത്തത് കഴിഞ്ഞ LDF ഭരണ സമിതിയുടെ വീഴ്ചയെന്ന് ആരോപണമുണ്ട്. 

കോടികള്‍ മുടക്കിയ ആധുനിക ശുചിമുറി മാലിന്യ സംസ്‌കരണ മൊബൈല്‍ പ്ലാന്റും ഇതുവരെ ശരിയായ നിലയില്‍ പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. ഇതിനിടെയാണ് ഉദ്യോഗസ്ഥയുടെ സ്ഥലം മാറ്റം. മാലിന്യ സംസ്കരണ പദ്ധതിയുടെ ഫയല്‍ തേടി നഗരസഭക്കുള്ളില്‍ രാത്രി പരിശോധന നടന്നതും വിവാദമായിരുന്നു. 

ENGLISH SUMMARY:

The transfer of Kayamkulam Municipality Asst. Executive Engineer Sini to Kozhikode has sparked controversy after she refused to clear the final payment for a waste management plant. Despite pressure from the contracting firm and higher authorities, she maintained that funds couldn't be released as the ₹3.5 crore plant remains non-functional three months after its inauguration.