മതമൈത്രിയുടെ സന്ദേശം പകർന്ന് അർത്തുങ്കൽ പള്ളിയിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാൾ കൊടി ഉയർത്താനുള്ള കൊടിക്കയർ നൽകിയത് നടൻ അനൂപ് ചന്ദ്രൻ. കൊടിക്കയർ അനൂപിന്റെ ചേർത്തല തെക്ക് കാരികാട്ട് സന്നിധാനം വീട്ടിൽനിന്ന് ആഘോഷപൂർവം ബസിലിക്കയിലേക്ക് കൊണ്ടുവന്നു. വാദ്യമേളങ്ങളോടെ
നൂറുകണക്കിനാളുകളുടെ അകമ്പടിയിലാണ് മൂന്ന് കിലോമീറ്റർ അകലെയുള്ള ബസിലിക്കയിലേക്ക് കാൽ നടയായി എത്തിച്ചത്.
മട്ടാഞ്ചേരിയിൽ നിർമിച്ച കൊടിക്കയർ അനൂപിന്റെ വീട്ടിലെത്തിച്ച് പൂജാമുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വ്രതാനുഷ്ഠാനങ്ങളോടെ തല ചുമടായി വാദ്യമേളങ്ങളുടെയും മുത്തു കുടകളുടെയും അകമ്പടിയോടെയാണ് അർത്തുങ്കൽ ബസിലിക്കയിൽ എത്തിച്ചത്. അൾത്താരയിൽ ആണ് കൊടിക്കയർ സമർപ്പിച്ചു.മന്ത്രി പി പ്രസാദ് അനൂപിൻ്റെ വീട്ടിൽ നിന്ന് പള്ളി വരെ അനുഗമിച്ചു.എല്ലാ വർഷവും തിരുനാൾ പ്രദക്ഷിണത്തിന് വിശുദ്ധൻ്റെ രൂപക്കൂട് ചുമക്കാൻ അനൂപ് ചന്ദ്രനുണ്ട്.
അർത്തുങ്കൽ പള്ളിയെയും ശബരിമലയെയും കോർത്തിണക്കി ആഗോള അയ്യപ്പസംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശമാണ് കൊടിക്കയർ സമർപ്പണത്തിന് പ്രേരണയെന്ന് അനൂപ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് വീടുകളിൽ നിന്ന് കൊടിക്കയർ എത്തിച്ചിരുന്നെങ്കിലും പിന്നീടതു നിലച്ചു. അനൂപ് ചന്ദ്രൻ തുടങ്ങി വച്ചപ്പോൾ കൂടുതൽ ആളുകൾ അടുത്ത വർഷം കൊടിക്കയർ നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ പറഞ്ഞു.
ഈ മാസം10ന് കൊടിയേറി 27നാണ് മകരം പെരുന്നാൾ എന്ന് വിശേഷിപ്പിക്കുന്ന തിരുനാൾ സമാപിക്കുക. 20നാണ് പ്രധാന തിരുനാൾ .