പണി പൂർത്തിയാകാത്ത കൊല്ലം ശാസ്താംകടവ് പാലം പ്രദേശവാസികൾക്ക് സമ്മാനിക്കുന്നത് നരകയാതന. കോടികൾ ചെലവഴിച്ചുള്ള പാലത്തിന്റെ നിർമ്മാണം ആമ വേഗത്തിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാലം അടച്ചതോടെ പ്രദേശത്തെ പൊതുഗതാഗതവും സ്തംഭിച്ച മട്ടാണ്.
വെളിയം, കരീപ്ര, പൂയപ്പള്ളി, നെടുമ്പന പഞ്ചായത്തുകളെയും കൊട്ടാരക്കര, ചാത്തന്നൂർ, കുണ്ടറ നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന പാലമാണ് ശാസ്താംകടവ് പാലം. ഒന്നരവർഷം മുൻപ് വീതി കുറവുള്ള പഴയ പാലം പൊളിച്ചു. 4.34 കോടി രൂപ ചെലവിട്ട് പുതിയ പാലത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നായിരുന്നു ഉറപ്പ്. ഡിസംബറിൽ തുറന്ന് നൽകേണ്ട പാലത്തിന് തൂണുകൾ മാത്രമാണ് ഇപ്പോൾ നിർമ്മാണം പൂർത്തിയായിട്ടുള്ളത്.
അഞ്ചൽ, കൊട്ടാരക്കര ഭാഗങ്ങളിലേക്കുള്ള നിരവധി ബസുകൾ ഇതുവഴി സർവീസ് നടത്തിയിരുന്നു. നെടുമൺകാവ് ചന്തയിലേക്കും ആളുകൾ എത്തിയിരുന്നു. പാലം പൊളിച്ചതോടെ ഇതെല്ലാം നിലച്ചു. പ്രദേശത്തെ സർക്കാർ സ്ഥാപനങ്ങളിലേക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആളുകൾ എത്തുന്നത് കിലോമീറ്ററുകൾ അധികം സഞ്ചരിച്ചാണ്. കരാറുകാരനെ മാത്രം പഴിക്കാതെ നിർമ്മാണം പൂർത്തിയാക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.