ആലപ്പുഴയില്‍ അടിത്തറ തകർന്നിട്ടില്ലെന്ന് സിപിഎം വിലയിരുത്തുമ്പോൾ തന്നെ കുട്ടനാട്ടിലെ തോൽവി ജില്ലയിലെ എൽഡിഎഫിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. മുന്നണി മര്യാദ പാലിച്ചില്ലെന്നും എല്‍ഡ്എഫിലെ അനൈക്യം പ്രശ്നങ്ങൾക്ക് കാരണമായെന്നും വിലയിരുത്തിയ സിപിഎം പഴിചാരുന്നത് സിപിഐ ആണ്. എന്നാല്‍, കുട്ടനാട്ടിലെ ഭരണ നഷ്ടത്തിൻ്റെ ഉത്തരവാദിത്തം തങ്ങളുടെ തലയിൽ കെട്ടിവെയ്ക്കേണ്ടെന്നാണ് സിപിഐ നിലപാട്.
പാർട്ടിയുടെ ശക്തി കേന്ദ്രമായ കുട്ടനാട്ടിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഉണ്ടായ തോൽവി സി.പി.എമ്മിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. സി.പി.എമ്മും സി.പി.ഐയും തമ്മിൽ നേരത്തെ മുതൽ ഉണ്ടായിരുന്ന ഭിന്നത തിരഞ്ഞെടുപ്പായതോടെ പരസ്പരം പോരടിക്കുന്ന നിലയിലെത്തി. രാമങ്കരിയിലും മുട്ടാറിലും തലവടിയിലും ഇടത് മുന്നണിക്ക് പുറത്ത് നിന്ന് സിപിഐ മൽസരിച്ചു. ഭരണമുണ്ടായിരുന്ന പഞ്ചായത്തുകളിൽ യുഡിഎഫും ബിജെപിയും ആധിപത്യം നേടി. എൽഡിഎഫിലെ അനൈക്യം തിരിച്ചടിയായെന്ന് തിരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതൃത്വം സമ്മതിച്ചു.
എൽഡിഎഫിന് പുറത്ത് സിപിഐ സ്ഥാനാർഥികൾ പാർട്ടി ചിഹ്നത്തിൽ തന്നെയാണ് മൽസരിച്ചത്. തോൽവിക്ക് കാരണം സി പി ഐ ആണെന്ന വിമർശനം ആണ് സിപിഎം ജില്ലാ നേതൃത്വം ഉന്നയിച്ചത്. സിപിഐ മൽസരിച്ചിടത്ത് മാത്രമല്ല തോറ്റതെന്നും സംഘടനാ ദൗർബലും മറയ്ക്കാനാണ് തങ്ങള പഴിചാരുന്നതെന്നുമാണ് സിപിഐ നേതൃത്വം പറയുന്നത്.
ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃത്വം ഇടപെടണമെന്നാണ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിൻ്റെ ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രശ്നപരിഹാര ചർച്ചകൾ ഉണ്ടാകും.