പൊതുമരാമത്തിന്‍റെ റോ‍ഡ് നവീകരണത്തില്‍ വെള്ളത്തിലായി വീട്ടമ്മ

നവീകരിച്ച റോ‍ഡ് കാരണം ജീവിക്കാന്‍ കഴിയാതെ ഒരു വീട്ടമ്മ. പത്തനംതിട്ട അടൂര്‍ മണ്ണടിയിലാണ് കലുങ്ക് കാരണം വെള്ളം നിറഞ്ഞ് പറമ്പ് മുങ്ങുന്ന അവസ്ഥ. പലവട്ടം പരാതിപ്പെട്ടിട്ടും പരിഹാരത്തിന് ശ്രമം ഉണ്ടായിട്ടില്ല,

റോഡരികിൽ 15 അടി താഴ്ചയിലുള്ള വീടിനോട് ചേർന്ന് പൊതുമരാമത്ത് നിർമിച്ച കലുങ്കാണ് മണ്ണടി കുറ്റിയിൽ ലളിതയുടെ ജീവിതം വെള്ളത്തിലാക്കിയത്.  കനത്ത മഴയിൽ റോഡിന്‍റെ എതിർ വശത്തുള്ള ഓടയിലൂടെ ഒഴുകി വരുന്ന വെള്ളവും മാലിന്യവും കലുങ്കിൽ പ്രവേശിച്ച് ലളിതയുടെ പറമ്പിനു മധ്യത്തിലൂടെ ഒഴുകും. സമീപവാസികൾ വെള്ളത്തിന്റെ ഒഴുക്കു തടഞ്ഞാൽ പറമ്പ് വെളളത്തിൽ മുങ്ങും. ഡാം തുറന്നാൽ വെള്ളം പായും പോലെയാണ് ശക്തമായ മഴയിൽ കലുങ്കിലൂടെ വെളളം പറമ്പിലേക്ക് കുത്തിയൊഴുകുന്നതെന്ന് ലളിത പറഞ്ഞു. ഇതു കാരണം വീടു നിർമിക്കുന്നതിനോ വസ്തു കൈമാറ്റം ചെയ്യുന്നതിനോ സാധിക്കുന്നില്ല.

റോഡിലെ വെള്ളം ആറ്റിലേക്ക് ഒഴുകിയെത്തും വിധം ഓടയുണ്ടായിരുന്നിട്ടും താഴ്ചയിലുള്ള വീടുകൾക്ക് സമീപം ഉയരത്തിൽ കലുങ്കു നിർമിച്ചുവെന്നാണ് പരാതി.  വീടു നിൽക്കുന്ന ഭാഗത്ത് റോ‍ഡരികിലുള്ള ഓട നികത്തിയ നിലയിലാണ്. ഓട പുനസ്ഥാപിച്ച് കലുങ്കിനടിയിലൂടെ ഒഴുകുന്ന വെള്ളം ഓടയിലൂടെ ഒഴുക്കണമെന്നാണ് ലളിതയുടെ ആവശ്യം.