ബോട്ട് സര്‍വീസിനെതിരെ പ്രതിഷേധം; രാഷ്ട്രീയപ്രേരിതമെന്ന് പരാതി

കൊല്ലത്തെ വിനോദസഞ്ചാരകേന്ദ്രമായ സാമ്പ്രാണിക്കോടി തുരുത്തിലേക്ക് രണ്ടു സ്ഥലങ്ങളില്‍ നിന്ന് ബോട്ട് സര്‍വീസ് തുടങ്ങാനുളള തീരുമാനത്തിനെതിരെ ഒരുവിഭാഗം ബോട്ട് ഉടമകള്‍ രംഗത്ത്. തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയപ്രേരിതമായാണ് തീരുമാനമെടുത്തതെന്നാണ് പരാതി. ഡിടിപിസിക്ക് മുന്നില്‍ ബോട്ട് ഉടമകള്‍ പ്രതിഷേധിച്ചു. 

കുരീപ്പുഴ സെന്റ് ജോസഫ് പളളിക്ക് സമീപത്തെ ബോട്ട് ജെട്ടി, പ്രാക്കുളം മണലിൽ ക്ഷേത്രത്തിനു സമീപത്തെ ബോട്ട് ജെട്ടി എന്നിവിടങ്ങളില്‍ നിന്ന് സാമ്പ്രാണിക്കോടി തുരുത്തിലേക്ക് പുതിയ കൗണ്ടറുകള്‍ തുറക്കാനാണ് ഡിടിപിസി തീരുമാനം. ഇതിനെതിരെയാണ് സാമ്പ്രാണിക്കോടിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബോട്ട് ഉടമകളുടെ പ്രതിഷേധം. ഡിടിപിസി ബോട്ട് ഓണേഴ്‌സ് ആൻഡ് സ്‌റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. ഇടതുനേതാക്കള്‍ ഇടപെട്ട് രാഷ്ട്രീയപ്രേരിതമായി തീരുമാനം എടുത്തതാണെന്ന് ബോട്ട് ഉടമകള്‍ ആരോപിച്ചു. 

പുതിയ കൗണ്ടറുകൾ ആരംഭിക്കാനുള്ള നീക്കം സാമ്പ്രാണിക്കോടിയിലുളള നാല്‍പത്തിനാലു ബോട്ട് ഉടമകളെ ബാധിക്കും. ഡിടിപിസിക്ക് വരുമാനത്തില്‍ വലിയകുറവ് ഉണ്ടാകുമെന്നും ബോട്ട് ഉടമകള്‍ പറയുന്നു. 

Kollam boat service