പത്തനംതിട്ട റാന്നി കോഴഞ്ചേരി പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതമണ്‍ പാലം തകര്‍ന്നിട്ട് ഒരു വര്‍ഷമായി. പുതിയ പാലം പോയിട്ട് വാഗ്ദാനം ചെയ്ത താല്‍ക്കാലിക പാലം പോലും നിര്‍മിച്ചിട്ടില്ല.  കഴിഞ്ഞ ജനുവരിയിലാണ് 60 വര്‍ഷം പഴക്കമുള്ള പാലത്തിന്‍റെ ബീം ഒടിഞ്ഞത്. 

പഴയപാലത്തിന് സമാന്തരമായി തോട്ടിൽ കോൺക്രിറ്റ് പൈപ്പുകളടുക്കി താൽക്കാലിക പാലം പകുതി ആക്കിയെങ്കിലും അപ്രോച്ച് റോഡിൻ്റെ പണി നടന്നിട്ടില്ല . നേരത്തെ മണ്ണിന്‍റെ ഘടന പരിശോധിച്ച് ഉറപ്പു വരുത്തിയാണ് നിർമ്മാണം ആരംഭിച്ചത്. പാലത്തിന്‍റെ അപ്രോച്ച് റോഡിനുള്ള മണ്ണിന് ഉറപ്പില്ലാ എന്നാണ് PWDയുടെ ഇപ്പോഴത്തെ കണ്ടെത്തൽ.  ശബരിമല സീസൺ പ്രമാണിച്ച് താൽക്കാലിക പാലത്തിൻ്റെ പണി അതിവേഗം തീർക്കുമെന്നായിരുന്നു വാഗ്ദാനം. 30:48 ലക്ഷം രൂപയും അനുവദിച്ചു. കരാർ പ്രകാരം നവംബർ 8 നാണ് നിർമ്മാണം പൂർത്തിയാക്കേണ്ടിയിരുന്നത്.

തെങ്ങിൻതടി ഇടിച്ചു താഴ്ത്തി ബലപ്പെടുത്താനാണ് നിര്‍ദേശം.  തുക വര്‍ധിപ്പിച്ചാലേ ഇനി അപ്രോച്ച് റോഡിന്‍റെ പണി നടക്കു. ചെറുകോൽ, നാരങ്ങാനം, റാന്നി പഞ്ചായത്തുകളിലെ ജനങ്ങളാണു് യാത്രാദുരിതം ഏറെ അനുഭവിക്കുന്നത്. പത്ത് കിലോമീറ്റർ അധികം ദൂരമാണ് ചുറ്റി സഞ്ചരിക്കേണ്ടത്.  60 വര്‍ഷം പഴക്കമുള്ള പാലത്തിന് ഇരുവശവും അഞ്ച് വര്‍ഷം മുന്‍പ് പാലം കൂട്ടിച്ചേര്‍ത്ത് വീതി കൂട്ടുകയായിരുന്നു. പഴയഭാഗമാണ് ഒടിഞ്ഞത്

pathanamthitta puthuman bridge construction