തിരുവനന്തപുരത്ത്  ഭരണ സിരാകേന്ദ്രത്തിന്റെ മൂക്കിന്‍ തുമ്പിലുളള ജനറല്‍ ആശുപത്രി ചോര്‍ന്നൊലിക്കുന്നു. പൊതുമരാമത്ത് , ആരോഗ്യവകുപ്പുകളുടെ അലംഭാവം കാരണം സര്‍ജറിവാര്‍ഡിലും പനിവാര്‍ഡിലും ഉള്‍പ്പെടെ ചികില്‍സയിലുളള രോഗികള്‍ വെളളത്തില്‍ നീന്തുന്ന കാഴ്ചയാണിവിടെയുള്ളത്. വിവിധ പരിശോധനകള്‍ക്കായി രോഗികളെ  ലാബുകളിലേയ്ക്ക് കൊണ്ടുപോകുന്നതും ഈ വെള്ളക്കെട്ടിലൂടെയാണ്. രണ്ടുവര്‍ഷം മുമ്പ് ഉപയോഗക്ഷമമല്ലെന്ന് പിഡബ്ളുഡി റിപ്പോര്‍ട്ട് നല്കിയ പഴകി ദ്രവിച്ച കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡുകള്‍ എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന നിലയിലാണ്. 

ജനറല്‍ ആശുപത്രിയിലെ പുരുഷന്മാരുടെ സര്‍ജറി വാര്‍ഡ് , ഗുരുതര പരുക്കു പറ്റിയവരും ശസ്ത്രക്രിയ കഴിഞ്ഞവരുമെല്ലാം നിരന്ന് കിടക്കുന്നിടം, എന്നിവിടങ്ങളിലെല്ലാം നിരത്തിവച്ച ബക്കറ്റുകള്‍, ചോര്‍ന്നൊലിക്കുന്ന ചുമരുകള്‍ എന്നിവ കാണാം. 

വാര്‍ഡിലെ വെളളപ്പൊക്കത്തിലൂടെ മുറിവ് പറ്റിയ കാലില്‍ പ്ളാസ്റ്റിക് കൂടുകള്‍ ചുറ്റിവച്ചാണ് രോഗികള്‍ സഞ്ചരിക്കുന്നത്. കട്ടിലിനടുത്ത് വീഴുന്ന വെള്ളം അപ്പപ്പോള്‍ പാത്രത്തിലാക്കി കൊണ്ടു കളയുന്നവരുടെ എണ്ണവും കുറവല്ല. വാര്‍ഡിനുളളിലും കുടപിടിച്ചിരിക്കേണ്ട ഗതികേടാണിവര്‍ക്ക് ..തകര്‍ന്ന മേല്‍ക്കൂരയും സീലിങും  , പൊട്ടിയ ഓടുകള്‍ക്ക് മീതെ വിരിച്ച ഷീറ്റ് ...ജനറല്‍ ആശുപത്രിയില്‍ മാസ്റ്റര്‍ പ്ളാന്‍ നടപ്പാക്കുമെന്നും വലിയ കെട്ടിടങ്ങള്‍ വരുമെന്നും കേള്‍ക്കാന്‍ തുടങ്ങിയിട്ട് 5 വര്‍ഷത്തിലേറെയായി.

ഇതിന്റെ പേരില്‍ അറ്റകുറ്റി പണിപോലും നിര്‍ത്തിയതോടെയാണ് രോഗികളുെട ദുരിതം തുടങ്ങിയത്. 

The general hospital in Thiruvananthapuram is leaking

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.