ഓണാട്ടുകരയുടെ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് കൊല്ലം ഓച്ചിറയില്‍ ഇന്ന്  കാളകെട്ടുല്‍സവം. അന്‍പത്തിരണ്ടു കരകളില്‍ നിന്നായി ഇരുന്നൂറിലധികം കെട്ടുകാളകളാണ് പടനിലത്ത് കാഴ്ചയാവുക. ദേശീയപാതയില്‍ രാവിലെ പതിനൊന്നു മുതല്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി.

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ചാണ് കാളകെട്ടുത്സവം. ദിവസങ്ങള്‍ നീണ്ട വ്രതാനുഷ്ടാനങ്ങള്‍ക്കൊടുവിലാണ് നന്ദികേശന്മാരുമായി ഭക്തര്‍ പടനിലത്തെത്തുക. ചെറുതും വലുതുമായ ഇരുന്നൂറിലധികം കെട്ടുകാളകളെയാണ് അണിനിരത്തും. കരക്കാർ നിർമിച്ച കൂറ്റൻ കെട്ടുകാളകളെ അലങ്കാരങ്ങളോടെ വാദ്യമേളങ്ങളോടെ നാടന്‍കലാരൂപങ്ങളുടെ അകമ്പടിയോടെ പരബ്രഹ്മ സന്നിധിയിലെത്തിക്കും. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കിലെ അന്‍പത്തിരണ്ടു കരകളിൽ നിന്നാണ് കെട്ടുകാളകള്‍ കാഴ്ചയാവുക. സ്ത്രീകള്‍ മാത്രം എഴുന്നളളിക്കുന്ന പതിമൂന്നു കെട്ടുകാളുമുണ്ട്. ചിങ്ങമാസത്തിലെ കൊയ്ത്തിനു ശേഷം കര്‍ഷകര്‍ നന്ദി സൂചകമായി കെട്ടുകാളകളുമായി പരബ്രഹ്മത്തെ കാണാനെത്തിയെന്നാണ് ഐതീഹ്യം. പാരമ്പര്യം നിലനിര്‍ത്തുന്ന മികച്ച കെട്ടുകാളകള്‍ക്ക് അരലക്ഷം രൂപയും ഫലകവും നല്‍കി ആദരിക്കും. 

Onattukara Kalakettu festival 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.