പത്തനംതിട്ട തുമ്പമണ്ണില്‍ ഗുണ്ടാസംഘം വീടാക്രമിച്ചു. മൂന്നു വാഹനങ്ങളും വീട്ടുപകരണങ്ങളും തകര്‍ത്തു. വീട്ടുകാരേയും ആക്രമിച്ചു.തുമ്പമണ്ണില്‍ വാടകയ്ക്ക് താമസിക്കുന്ന ജോയിയുടെ വീട്ടിലായിരുന്നു ആക്രമണം . ജോയിയുടെ മകന്‍ ജിബിനെ അന്വേഷിച്ചാണ് വടിവാളും മറ്റ് മാരകായുധങ്ങളുമായി അഞ്ചംഗസംഘം എത്തിയത്. ജോയി കാറ്ററിങ് ആവശ്യത്തിനായി വാങ്ങിയ പുതിയ വാഹനം അടിച്ചു തകര്‍ത്തു. സിമന്‍റ് കട്ടകൊണ്ട് ചില്ലുകള്‍ തകര്‍ത്തു. രണ്ടും ബൈക്കുകള്‍ താഴത്തെ പുരയിടത്തിലെ വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. പാത്രങ്ങള്‍ വലിച്ചെറിഞ്ഞു. വീട്ടിലെ പുതിയ ഫ്രിഡ്ജും ജനല്‍ച്ചില്ലുകളും തകര്‍ത്തു. ജോയിക്കു നേരെയും വടിവാള്‍ വീശി. നിലത്തിട്ട് ചവിട്ടിയെന്നും ക്രൂരമായി മര്‍ദിച്ചെന്നും ജോയി പറഞ്ഞു. 

ഉളനാട്ടില്‍ നിന്ന് വിവാഹം കഴിച്ച തിരുവനന്തപുരം സ്വദേശി സച്ചുവിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു ആക്രമണം. ജിബിന്‍ പണം നല്‍കാനുണ്ടെന്ന് സംഘം ആക്രോശിച്ചതായി വീട്ടുകാര്‍ പറഞ്ഞു. ആക്രമണ സമയം ജിബിന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല,. ഇലവുംതിട്ട പൊലീസ് അന്വേഷണം തുടങ്ങി.

A gang of gangsters raided a house in Pathanamthitta's Thumpamannu